വൈത്തിരി: വായനയുടെ ലോകത്ത് അരനൂറ്റാണ്ടിലധികം സഞ്ചരിച്ച ദ്രൗപതിയമ്മക്ക് പുസ്തകങ്ങളുമായി ജില്ല ജനമൈത്രി പൊലീസ്.
72 വയസ്സുള്ള ദ്രൗപതിയമ്മ മൂന്നര പതിറ്റാണ്ടിലധികം തേയില തോട്ടത്തിലെ തൊഴിലാളിയായിരുന്നു. 14 വയസ്സുള്ളപ്പോള്‍ തുടങ്ങിയതാണ് പൊഴുതന മുത്താറിക്കുന്ന് സ്വദേശിനിയായ ദ്രൗപതിയമ്മയുടെ വായന. അമ്മ പങ്കജാക്ഷിയമ്മയും നല്ല വായനക്കാരിയായിരുന്നെന്നും അവരില്‍ നിന്നാണ് വായനാശീലം സ്വായത്തമാക്കിയെതന്നുമാണ് ദ്രൗപതിയമ്മ പറയുന്നത്.
ദ്രൗപതിയമ്മയുടെ വായനാകമ്ബവും ആവശ്യമായ പുസ്തകങ്ങള്‍ ലഭിക്കാതെ പോകുന്നതും അറിഞ്ഞു ജില്ല ജനമൈത്രി പൊലീസ് പുസ്തകങ്ങളുമായി അവര്‍ക്കരികിലെത്തുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് സമാഹരിച്ച 25ഓളം പുസ്തകങ്ങള്‍ വൈത്തിരി പൊലീസ് ഇൻസ്പെക്ടര്‍ ബോബി വര്‍ഗീസ്, ജനമൈത്രി ജില്ല അസി. നോഡല്‍ ഓഫിസര്‍ കെ.എം. ശശിധരൻ എന്നിവര്‍ ചേര്‍ന്ന് ദ്രൗപതിയമ്മക്ക് കൈമാറി. ചടങ്ങില്‍ വൈത്തിരി സബ് ഇൻസ്പെക്ടര്‍ മണി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷൈജു, പി. ആലി എന്നിവര്‍ സംസാരിച്ചു.