ക്യാമ്പസുകളിലും സർവകലാശാലകളിലും ഇൻഡസ്ട്രിയൽ പാർക്കുകൾ; മന്ത്രി പി രാജീവ്.

0
73

കോളേജ് ക്യാമ്പസുകളിലും സർവകലാശാലകളിലും അഞ്ചേക്കറിൽ കൂടുതൽ സ്ഥലം ഉണ്ടെങ്കിൽ ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകൾ സജ്ജമാക്കുമെന്ന് മന്ത്രി പി രാജീവ്. തേക്കിൻകാട് മൈതാനിയിൽ നടന്ന തൃശൂർ മണ്ഡലത്തിലെ നവകേരള സദസിനെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.

ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകളിൽ വിദ്യാർഥികൾക്ക് പഠന ശേഷവും ജോലി ചെയ്യാനാകും. പഠിച്ച വിഷയത്തിലാണ് ജോലി ചെയ്യുന്നതെങ്കിൽ വിദ്യാർഥിക്ക് ബോണസ് മാർക്കും ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.ഏഴു വർഷം കൊണ്ട് സർക്കാർ സാമൂഹിക സുരക്ഷാ പെൻഷനായി നൽകിയത് 57603 കോടി രൂപയാണ്. ഒന്നാം പിണറായി സർക്കാരിന്‍റെ അഞ്ചു വർഷക്കാലത്ത് 35154 കോടി രൂപയും രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടര വർഷം കൊണ്ടുള്ള കാലയളവിൽ 22459 കോടി രൂപയുമാണ് ക്ഷേമ പെൻഷനായി നൽകിയത്.

2011- 16 കാലഘട്ടത്തിൽ ആകെ 60 മാസം കൊണ്ട് 9011 കോടി രൂപ മാത്രമാണ് ക്ഷേമ പെൻഷനായി നൽകിയത്. ഇപ്പോൾ ഒരു മാസം മാത്രം ക്ഷേമ പെൻഷനായി ചെലവഴിക്കുന്നത് 900 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു.

തേക്കിൻകാട് മൈതാനിയിലെ വിദ്യാർഥി കോർണറിൽ നടന്ന തൃശൂർ നിയോജക മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കവെയാണ് മന്ത്രിയുടെ വാക്കുകൾ. പ്രകടന പത്രികയിലെ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഭൂരഹിതർ ഇല്ലാത്ത, അതിദരിദ്രരില്ലാത്ത നവകേരളം വൈകാതെ സാക്ഷാത്കരിക്കും. 2025 നവംബറോടെ അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് കർഷകർക്കായി വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്.
എല്ലാവർക്കും ഭവനം, ഭൂമി, പട്ടയം , വൈദ്യുതി, ചികിത്സ, ശുദ്ധ ജലം, മികച്ച വിദ്യാഭ്യാസം, എന്നിങ്ങനെ എല്ലാ സംവിധാനങ്ങളും മികച്ച രീതിയിൽ എത്തിക്കുന്നതിലൂടെയാണ് നവകേരളം സൃഷ്ടിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാർക്ക് ജോലി നൽകാനും, എല്ലാ മേഖലയിലും വികസനം കൊണ്ടു വരാനും സർക്കാരിനു സാധിച്ചിട്ടുണ്ട്. വികസന നേട്ടങ്ങളാണ് നവകേരള സദസിലേക്ക് ജനങ്ങളെ കൂട്ടമായി എത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here