പൊലീസ് കസ്റ്റഡിയിലുള്ള പത്മകുമാറിന്റെ മകൾ 5 ലക്ഷം ഫോളോവേഴ്സുള്ള യൂട്യൂബർ.

0
66

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ള പത്മകുമാറിന്റെ മകൾ യൂട്യൂബിലെ താരം. 4.98 ലക്ഷം പേരാണ് ‘അനുപമ പത്മൻ’ എന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്.

ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വീഡിയോകളുടെ റിയാക്ഷൻ വീഡിയോയും ഷോർട്സുമാണ് കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലീഷിലാണ് അവതരണം. ആകെ 381 വീഡിയോയാണുള്ളത്. അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പാണ്.

വളർത്തുനായകൾക്ക് ഒപ്പമുള്ള വീഡിയോയുമുണ്ട്. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷ്യനെ കുറിച്ചുള്ളവയാണ് വീഡിയോകളിൽ ഏറെയും. കുട്ടിയെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ചെന്ന് കരുതുന്ന ഫാം ഹൗസിലെ റംബൂട്ടാൻ വിളവെടുപ്പ് വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്.

വളർത്തുനായകളെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് അനുപമ. നായകളെ അപ്ഡേറ്റ് ചെയ്യാറുമുണ്ട്. എണ്ണം കൂടിയതിനാല്‍ നായകൾക്കായി ഷെൽട്ടർ ഹോം തുടങ്ങാനും ആഗ്രഹിച്ചിരുന്നു. ഇതിനായി സമൂഹ മാധ്യമങ്ങളിലൂടെ സഹായം അഭ്യർത്ഥിച്ച് അനുപമ പോസ്റ്റിട്ടിരുന്നു.

ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ ആർ പത്മകുമാർ (52), ഭാര്യ എം ആർ അനിതകുമാരി (45), മകൾ അനുപമ പത്മകുമാർ (20) എന്നിവരാണ് പുളിയറ പുതൂരിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചിറങ്ങവേ കൊല്ലം പൊലീസ് സ്പെഷൽ സ്ക്വാഡിന്റെ പിടിയിലായത്. മകൾക്ക് നഴ്സിങ് പ്രവേശനത്തിന് നൽകിയ 5 ലക്ഷം രൂപ തിരികെ കിട്ടാനായിരുന്നു തട്ടിക്കൊണ്ടുപോകലെന്ന് പത്മകുമാർ മൊഴി നൽകിയെന്നാണു വിവരം. എന്നാൽ കേസിൽ ഭാര്യക്കും മകൾക്കും പങ്കില്ലെന്നാണ് ഇയാളുടെ മൊഴി.

LEAVE A REPLY

Please enter your comment!
Please enter your name here