പാലക്കാട്: കാട്ടാനയെ കണ്ടു ഭയന്നോടിയ പിതാവിന്റെ കയ്യിൽ നിന്നു തെറിച്ചുവീണ മൂന്നു വയസ്സുകാരനു കല്ലിൽ തലയിടിച്ചു ദാരുണാന്ത്യം. പിതാവിനും ഒപ്പമുണ്ടായിരുന്ന ഭാര്യാസഹോദരിക്കും പരുക്കേറ്റു.
ആനമട എസ്റ്റേറ്റിലെ തൊഴിലാളിയും മുതലമട തേക്കടി മുപ്പതേക്കർ ആദിവാസി കോളനി സ്വദേശിയുമായ രാമചന്ദ്രന്റെ മകൻ റനീഷ് ആണു മരിച്ചത്. രാമചന്ദ്രനും (39) ബന്ധുവായ സരോജിനിക്കും (16) നിസ്സാര പരുക്കേറ്റു. ആനമട എസ്റ്റേറ്റിനു സമീപത്തെ മാരിയമ്മൻ ക്ഷേത്രത്തിനോടു ചേർന്ന് ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം.
എസ്റ്റേറ്റ് ഓഫിസിൽ നിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെയാണു സംഭവം. കുഞ്ഞിനെ എടുത്ത രാമചന്ദ്രൻ ഒരു വഴിക്കും സരോജിനി മറ്റൊരു വഴിക്കുമാണ് ആനയെ കണ്ട് ഓടിയത്. ഇതിനിടെ, രാമചന്ദ്രന്റെ കയ്യിൽ നിന്നു കുഞ്ഞു തെറിച്ചു കല്ലിൽ തലയിടിച്ചു വീഴുകയായിരുന്നു.