ന്യൂദല്‍ഹി: ഇന്ത്യയുടെ ഗോതമ്പ് തുര്‍ക്കി നിരസിച്ചതിന്റെ കാരണം തേടി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യ കയറ്റി അയച്ച 56,877 ടണ്‍ ഗോതമ്പാണ് തുരക്കി നിരസിച്ചത്. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ഫൈറ്റോസാനിറ്ററി ആശങ്കകളുടെ പേരിലാണ് തുര്‍ക്കി ഇന്ത്യന്‍ ഗോതമ്പ് നിരസിച്ചത് എന്നാണ് വിവരം. ചരക്ക് കയറ്റിയ കപ്പലുകള്‍ മെയ് 29 ന് ഗുജറാത്തിലെ കണ്ടാല തുറമുഖത്തേക്ക് തിരിച്ച് അയച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യന്‍ ഗോതമ്പ് ചരക്കില്‍ ഇന്ത്യന്‍ റുബെല്ല രോഗം കണ്ടെത്തിയതായാണ് തുര്‍ക്കി അധികൃതര്‍ പറയുന്നത്. രോഗത്തെക്കുറിച്ചുള്ള ആശങ്കയുടെ അടിസ്ഥാനത്തില്‍ തുര്‍ക്കിയിലെ കൃഷി, വനം മന്ത്രാലയം കയറ്റുമതി നിരസിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തുര്‍ക്കിയുടെ തീരുമാനത്തെത്തുടര്‍ന്ന്, ഗോതമ്പ് വ്യാപാരികളും കയറ്റുമതിക്കാരും മറ്റ് കയറ്റുമതികള്‍ റദ്ദാക്കുമോ എന്നതില്‍ ആശങ്കാകുലരാണ്.
എന്നാല്‍ കൃത്യമായ നടപടിക്രമങ്ങളും ഗുണനിലവാര പരിശോധനയും പിന്തുടര്‍ന്ന് ഐടിസി, നെതര്‍ലന്‍ഡിലേക്ക് ഇതിനിടെ ഗോതമ്പ് കയറ്റുമതി ചെയ്തതായി കണ്ടെത്തിയതായി ഗോയല്‍ പറഞ്ഞു. ഐടിസി ഒരു പ്രശസ്ത കമ്പനിയാണെന്നും ഗോയല്‍ ചൂണ്ടിക്കാട്ടി. മികച്ച ഗുണനിലവാരമുള്ള ഗോതമ്പാണ് കമ്പനി കയറ്റുമതി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇന്ത്യന്‍ ഗോതമ്പ് മികച്ച ഗുണനിലവാരമുള്ളതാണെന്ന് എനിക്ക് ഉറപ്പുണ്ട്, അദ്ദേഹം പറഞ്ഞു.
ഗോതമ്പിന്റെ പ്രധാന ഉത്പാദകരും വിതരണക്കാരുമായ യുക്രൈനും റഷ്യയും യുദ്ധം ആരംഭിച്ചതോടെ ആഗോള വിപണിയില്‍ ഗോതമ്പിന്റെ ലഭ്യതയില്‍ ഇടിവുണ്ടായിരുന്നു. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമായ ഇന്ത്യയെ ലോക രാജ്യങ്ങള്‍ ആശ്രയിച്ചിരുന്നു. മധ്യപ്രദേശ്, ബീഹാര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ ഗോതമ്പ് വന്‍തോതില്‍ കൃഷി ചെയ്യുന്നത്. റൊട്ടി, ബിസ്‌കറ്റ് എന്നിവ ഉണ്ടാക്കാന്‍ ഗോതമ്പാണ് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചു വരുന്നത്.