പാലക്കാട്: കഞ്ചിക്കോട് റെയിൽവേപാതയിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് പലാമു സ്വദേശികളായ കനായി വിശ്വകർമ, അരവിന്ദ് കുമാർ, ഹരിയോം കുനാൽ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30ന് കഞ്ചിക്കോട് ഐഐടിക്കു സമീപമുള്ള ട്രാക്കിലാണ് ഇവരെ കണ്ടെത്തിയത്. ഐഐടി ക്യാംപസിൽ കരാർ ജോലി ചെയ്യുന്ന നിർമാണത്തൊഴിലാളികളാണ് മരിച്ചത്.
ഹരിയോം കുനാൽ മരിച്ച നിലയിലും ബാക്കി രണ്ടു പേർ ഗുരുതരമായി പരിക്കേറ്റ നിലയിലുമായിരുന്നു. ഇവരെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകവേ വഴിമധ്യേ മരിച്ചു. സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് അക്രമാസക്തരായ സുഹൃത്തുക്കൾ മൃതദേഹങ്ങൾ കൊണ്ടുപോകാനെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ ആക്രമിച്ചു. ആക്രമണത്തിൽ ആറു സേനാംഗങ്ങൾക്ക് പരിക്കേറ്റു. അഗ്നിരക്ഷാ സേനയുടെ ആംബുലൻസും തൊഴിലാളികൾ അടിച്ചുതകർത്തു.
പിന്നീട് പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. രാത്രി പത്തരയോടെ റെയിൽപാതയിലുണ്ടായിരുന്ന തൊഴിലാളികളെ ചരക്കുട്രെയിൻ ഇടിച്ചതാണെന്നാണ് വിവരം. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.