സൂപ്പർ ഹിറ്റായ വന്ദേ ഭാരത് ട്രെയിനുകൾക്ക് പിന്നാലെ കുറഞ്ഞ ടിക്കറ്റ് നിരക്കുമായി യാത്രക്കാരെ ആകർഷിക്കാൻ ഒരുങ്ങി അമൃത് ഭാരത് ട്രെയിനുകൾ. ദീർഘദൂര റൂട്ടുകളിൽ വിന്യസിക്കാനുള്ള പുതിയ ട്രെയിൻസെറ്റിൻ്റെ പരീക്ഷണഓട്ടവുമായി മുന്നോട്ടു പോകുകയാണ് റെയിൽവേ. ചെന്നൈ ഐസിഎഫിൽ തയ്യാറാക്കിയ ട്രെയിൻ വന്ദേ സാധാരൺ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നതെങ്കിലും ഉദ്ഘാടനത്തിനു മുന്നോടിയായി അമൃത് ഭാരത് എന്ന പേര് സ്വീകരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മെട്രോ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്ന തൊഴിലാളികളെ അടക്കം ലക്ഷ്യമിട്ടായിരിക്കും പുതിയ ട്രെയിനുകൾ ഓടുന്നത്.പൂർണമായും നോൺ എസി ട്രെയിനുകളായിരിക്കും ഇവ. ത്രീ ടയർ സ്ലീപ്പർ കോച്ചുകളും റിസർവേഷൻ വേണ്ടാത്ത ജനറൽ കോച്ചുകളും മാത്രമാണ് ട്രെയിനിൽ ഉണ്ടാകുക. മുന്നിലും പിന്നിലുമായി രണ്ട് ഇലക്ട്രിക് എൻജിനുകളും ട്രെയിനിന് ഉണ്ടാകും.
രണ്ട് എൻജിനുകളും ഒരുമിച്ച് പ്രവർത്തിക്കുന്ന പുഷ് പുൾ ട്രെയിനായതിനാൽ വന്ദേ ഭാരത് ട്രെയിനുകളെപ്പോലെ പെട്ടെന്ന് വേഗമാർജിക്കാനും അമൃത് ഭാരതിനു സാധിക്കും. 130 കിലോമീറ്ററായിരിക്കും ട്രെയിൻസെറ്റിൻ്റെ പരമാവധി വേഗത.ഏതൊക്കെ റൂട്ടുകളിലേക്കാണ് പുതിയ അമൃത് ഭാരത് ട്രെയിനുകൾ അനുവദിക്കുക എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ആദ്യഘട്ടത്തിൽ മുംബൈ, ചെന്നൈ, പട്ന സെക്ഷനുകൾക്കായിരിക്കും സാധ്യത. കേരളത്തിലേക്ക് എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടും പുതിയ സർവീസിന് സാധ്യതയുണ്ട്. 22 കോച്ചുകളുള്ള ആദ്യ ട്രെയിനാണ് നിലവിൽ പുറത്തിറങ്ങിയിട്ടുള്ളത്. രണ്ടാമത്തെ ട്രെയിനും വൈകാതെ പുറത്തിറക്കും.
നിലവിലെ എൽഎച്ച്ബി കോച്ചുകൾ തന്നെയാണ് അമൃത് ഭാരത് ട്രെയിനുകളുടെയും നിർമാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. 12 നോൺ എസി സ്ലീപ്പർ കോച്ചുകളും എട്ട് ജനറൽ കോച്ചുകളുമാണ് ട്രെയിനിൽ ഉണ്ടാകുക.
കൂടാതെ രണ്ട് ലഗേജ് കോച്ചുകളും ഉണ്ടാകും. ഓറഞ്ചും ചാരനിറവും കലർന്ന ട്രെയിനിൻ്റെ മുൻഭാഗം എയ്റോഡൈനാമിക് രീതിയിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്. രണ്ട് എൻജിനുകളുണ്ടെങ്കിലും ട്രെയിനിൻ്റെ മുന്നിലെ ക്യാബിനിൽ ഇരിക്കുന്ന ലോക്കോപൈലറ്റിന് രണ്ട് എൻജിനുകളും ഒരേസമയം നിയന്ത്രിക്കാൻ സാധിക്കും. ഈ സാങ്കേതികവിദ്യയുടെ സഹായത്താൽ സ്റ്റേഷനുകളിൽ ട്രെയിൻ പിടിച്ചിടുന്ന സമയവും എൻജിൻ മറുവശത്ത് ഘടിപ്പിക്കാനുള്ള സമയവും ലാഭിക്കാനാകും.വന്ദേ ഭാരത് ട്രെയിനുകളെപ്പോലെ തന്നെ സീൽഡ് ഗാങ്‍വേയാണ് അമൃത് ഭാരത് ട്രെയിനുകൾക്കും. അതുകൊണ്ടുതന്നെ അടുത്ത കോച്ചിലേക്ക് യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ സഞ്ചരിക്കാനാകും. കൂടാതെ ട്രെയിനിൻ്റെ ശബ്ദവും വിറയലും കുറവായിരിക്കും. സിസിടിവി ക്യാമറകൾ, ബയോവാക്വം ശുചിമുറികൾ, സെൻസറുകളുടെ സഹായത്തോടെ കൈതൊടാതെ പ്രവർത്തിക്കുന്ന വാട്ടർ ടാപ്പുകൾ, യാത്രക്കാർക്കുള്ള സന്ദേശങ്ങൾ നൽകാനുള്ള എൽഇഡി ബോർഡുകൾ തുടങ്ങിയവയും ട്രെയിനിലുണ്ട്. കൂടാതെ കോച്ചുകൾക്കുള്ളിലെ ഫാനുകളുടെയും സ്വിച്ചുകളുടെയും രൂപത്തിലും വ്യത്യാസമുണ്ട്. ഓരോ സീറ്റിനും പ്രത്യേകം മൊബൈൽ ചാർജിങ് സോക്കറ്റുകളും ഉണ്ടാകും.