ഡൽഹി : എയർ ഇന്ത്യ 48 പൈലറ്റുമാരെ പുറത്താക്കി. കഴിഞ്ഞ വർഷം രാജിവയ്ക്കാൻ കത്ത് നൽകുകയും പിന്നീട് നിയമപ്രകാരമുള്ള നടപടികളിലൂടെ രാജിക്കത്ത് പിൻവലിക്കുകയും ചെയ്ത പൈലറ്റുമാരെയാണ് പുറത്താക്കിയത്. കഴിഞ്ഞ 13ന് രാത്രി 10 മണിക്കാണ് എയർ ബസ് 320 വിമാനങ്ങൾ പറത്തുന്ന പൈലറ്റുമാരെ പുറത്താക്കുന്നതിനുള്ള നടപടി എടുത്തത്.
എന്നാൽ, കമ്പനി പൈലറ്റുമാർക്കെതിരെ പുറത്താക്കൽ നടപടി സ്വീകരിക്കുമ്പോൾ പലരും വിമാനം നിയന്ത്രിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന ഗുരുതരമായ കാര്യവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പുറത്താക്കൽ നടപടി അടിയന്തര പ്രാധാന്യത്തോടെ പ്രാബല്യത്തിലായെന്നാണ് എയർ ഇന്ത്യയുടെ വാദം.
കൊവിഡ് വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയാണ് കമ്പനി പുറത്താക്കൽ നടപടി ഉടനടി സ്വീകരിച്ചെന്നതാണ് കമ്പനിയുടെ ന്യായീകരണം. നിലവിൽ വളരെ കുറച്ച് സർവീസുകൾ മാത്രമാണ് കമ്പനി നടത്തുന്നത്. അടുത്തിടെ എങ്ങും സർവീസുകൾ സാധാരണ നിലയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നുമില്ല. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്നും കമ്പനി പറയുന്നു.
അതേസമയം, പുറത്താക്കൽ നടപടി നിയമ വുരുദ്ധമാണ്. സംഭവത്തിൽ അന്വേഷണം ആവശ്യമാണെന്ന് കൊമേഷ്യൽ പൈലറ്റ് അസോസിയേഷൻ ആരോപിച്ചു. ഇതിനെതിരെ വ്യോമയാന മന്ത്രാലയത്തെ സമീപിക്കുമെന്ന് പൈലറ്റ് അസോസിയേഷൻ അറിയിച്ചു.