ലോകം പൂര്‍ണമായും ലിംഗസമത്വം കൈവരിക്കാന്‍ 134 വര്‍ഷമെടുക്കുമെന്ന് ജെപി മോര്‍ഗന്‍ ചേസ് ആന്‍ഡ് കമ്പനി അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തുല്യത നേട്ടങ്ങള്‍ക്ക് അടുത്തിടെ സ്തംഭനമുണ്ടായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ തൊഴില്‍മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിച്ചുവരുന്നുണ്ട്. എന്നാല്‍ കമ്പനികളിലെ ഉന്നത സ്ഥാനങ്ങളില്‍ സ്ത്രീപ്രാതിനിധ്യം വളരെ കുറവാണ്. ആഗോളതലത്തില്‍ ഏകദേശം 32 ശതമാനം സ്ത്രീകള്‍ മാത്രമാണ് കമ്പനികളിലെ ഉന്നതസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
’’ വര്‍ധിച്ചുവരുന്ന പുരോഗതിയുണ്ടായിട്ടും 146 രാജ്യങ്ങളിലെ ആഗോള ലിംഗവ്യത്യാസത്തില്‍ 2024ലും കാര്യമായ മാറ്റമുണ്ടായിട്ടില്ല. സാമ്പത്തിക-രാഷ്ട്രീയ പങ്കാളിത്തം, വിദ്യാഭ്യാസ നേട്ടം, ആരോഗ്യം എന്നിവ കണക്കിലെടുക്കുമ്പോള്‍ ഈ വിടവിന്റെ 68.5 ശതമാനം മാത്രമാണ് നികത്താന്‍ കഴിഞ്ഞിട്ടുള്ളത്. നിലവിലെ സ്ഥിതിയില്‍ പൂര്‍ണമായും തുല്യത കൈവരിക്കാന്‍ ഏകദേശം 134 വര്‍ഷമെടുക്കും,’’ ജെപി മോര്‍ഗന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉന്നത എക്‌സിക്യൂട്ടീവ് പദവികളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വളരെ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ജോലികളില്‍ വെള്ളക്കാരായ പുരുഷന്‍മാര്‍ ആധിപത്യം പുലര്‍ത്തുന്നു. പ്രമുഖ കമ്പനികളുടെ സിഇഒ, സിഎഫ്ഒ, സിഒഒ, തുടങ്ങിയ ഏറ്റവും ശക്തമായ പദവികളില്‍ ഏകദേശം 10 ശതമാനം സ്ത്രീകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
യുഎസില്‍ പ്രായം കൂടുന്നത് അനുസരിച്ച് വേതനം നല്‍കുന്നതിലും ലിംഗ വ്യത്യാസം നിലനില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഇവിടെ 16നും 24നും ഇടയില്‍ പ്രായമുള്ള യുവതൊഴിലാളികളില്‍ സ്ത്രീകളുടെ ശരാശരി വരുമാനം പുരുഷന്‍മാരെക്കാള്‍ എട്ട് ശതമാനം കുറവാണ്. പ്രായം വര്‍ധിക്കുന്തോറും ഈ വ്യത്യാസം ഇരട്ടിയാകുന്നു. 55-64 വയസ് പ്രായമുള്ളവര്‍ക്കിടയിലും ശമ്പളവ്യത്യാസം നിലനില്‍ക്കുന്നു. ഈ വിഭാഗത്തിലെ സ്ത്രീകളുടെ വരുമാനം പുരുഷന്‍മാരെക്കാള്‍ 22 ശതമാനം കുറവാണ്. 65 വയസും അതില്‍ കൂടുതല്‍ പ്രായമുള്ള സ്ത്രീകള്‍ അതേ പ്രായത്തിലുള്ള പുരുഷന്‍മാരെക്കാള്‍ 27 ശതമാനം കുറവ് വരുമാനമാണ് നേടുന്നത്.
വേതനം നല്‍കുന്നതിലെ ഈ ലിംഗ വ്യത്യാസം സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന അസമത്വങ്ങളെയും തുല്യത കൈവരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ആവശ്യകതയേയും ഓര്‍മിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.