റിലീസ് ദിനം നേടിയത് 94 കോടി! ‘ടൈഗര്‍ 3’ ല്‍ സല്‍മാന്‍ ഖാന് ലഭിക്കുന്ന പ്രതിഫലം എത്ര?

0
75

ഇന്ത്യന്‍ സിനിമയുടെ ബിസിനസ് നാള്‍ക്കുനാള്‍ വലുതായിക്കൊണ്ടിരിക്കുകയാണ്. വൈഡ് റിലീസും ഇന്‍റര്‍നെറ്റ് സാന്ദ്രതയുമൊക്കെയുള്ള കാലത്ത് ഒരു സിനിമയുടെ വിധി റിലീസ് ദിവസം തന്നെ ഏറെക്കുറെ തീരുമാനിക്കപ്പെടും. നെഗറ്റീവ് അഭിപ്രായങ്ങളാണ് ആദ്യദിനങ്ങളില്‍ വരുന്നതെങ്കില്‍ ബോക്സ് ഓഫീസില്‍ അത് രക്ഷപെടാന്‍ സാധ്യത കുറവാണ്. ഇനി പോസിറ്റീവ് അഭിപ്രായങ്ങളാണ് വരുന്നതെങ്കിലോ നിര്‍മ്മാതാവിന് പിന്നെ തിരിഞ്ഞുനോക്കേണ്ടതായും വരില്ല. അതിനാല്‍ത്തന്നെ സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പണം മുടക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് ഇന്ന് മടിയൊന്നുമില്ല, പണമെറിഞ്ഞ് പണം വാരുക എന്നതാണ് ഇന്ത്യന്‍ സിനിമയിലെ ഇന്നത്തെ വിജയമന്ത്രം. അതേസമയം പ്രതിഫല കാര്യത്തില്‍ സൂപ്പര്‍താരങ്ങളില്‍ ചിലര്‍ മറ്റൊരു ഫോര്‍മുലയിലേക്കും മാറിയിട്ടുണ്ട്.

പ്രതിഫലമെന്ന നിലയില്‍ ഒരു തുക വാങ്ങിയതിന് ശേഷം ചിത്രത്തിന്‍റെ ലാഭവിഹിതം കൂടി വാങ്ങുക എന്നതാണ് ഇത്. ഇതുകൊണ്ടുള്ള പ്രയോജനം പലതാണ്. അല്ലാതെതന്നെ ഉയര്‍ന്ന ബജറ്റില്‍ ഒരുങ്ങുന്ന ഒരു സിനിമ നിര്‍മ്മാതാവിന് നല്‍കുന്ന റിസ്ക് ഉണ്ട്. ഒരു വെള്ളിയാഴ്ച കൊണ്ട് എല്ലാം തീരുമാനിക്കപ്പെടുന്ന മേഖലയാണ്. പടം വര്‍ക്കൌട്ട് ആയില്ലെങ്കില്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റും. അതിനാല്‍ത്തന്നെ സിനിമ വിജയിച്ചില്ലെങ്കില്‍ സൂപ്പര്‍താര പ്രതിഫലം സൃഷ്ടിക്കുന്ന അധികബാധ്യതയില്‍ നിന്ന് നിര്‍മ്മാതാവിന് ഒഴിവാകാം. ഇനി വിജയമാണെങ്കില്‍ അതിനനുസരിച്ചുള്ള വിഹിതം താരത്തിന് നേടുകയും ചെയ്യാം.

ഷാരൂഖ് അടക്കമുള്ള പല താരങ്ങളും ഇന്ന് ഈ രീതിയാണ് പിന്തുടരുന്നത്. തന്‍റെ തിരിച്ചുവരവ് ചിത്രമായിരുന്ന പഠാന്‍ ഇറങ്ങും മുന്‍പ് ഒരു രൂപ പോലും നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസില്‍ നിന്നും ഷാരൂഖ് ഖാന്‍ കൈപ്പറ്റിയിരുന്നില്ല. എന്നാല്‍ പടം 1000 കോടിയിലേറെ നേടിയപ്പോള്‍ അദ്ദേഹത്തിന് 200 കോടിയോളം പ്രോഫിറ്റ് ഷെയറിംഗിലൂടെ ലഭിച്ചു. അതിനു ശേഷമെത്തിയ ജവാനില്‍ 100 കോടിയും ലാഭത്തിന്‍റെ 60 ശതമാനവുമാണ് ഷാരൂഖിന്‍റെ പ്രതിഫല കരാര്‍. ഇപ്പോഴിതാ ബോളിവുഡിലെ ദീപാവലി റിലീസ് ടൈഗര്‍ 3 യിലെ സല്‍മാന്‍ ഖാന്‍റെ പ്രതിഫലവും ചര്‍ച്ചയാവുകയാണ്.

പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജവാനില്‍ ഷാരൂഖ് ഖാന്‍ വാങ്ങിയ അതേ രീതിയിലാണ് ടൈഗര്‍ 3 ല്‍ സല്‍മാന്‍ ഖാനും പ്രതിഫലം വാങ്ങുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് സല്‍മാന്‍ വാങ്ങിയിരിക്കുന്ന പ്രതിഫലം 100 കോടിയാണ്. എബിപി ലൈവിന്‍റെ മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം ലാഭത്തിന്‍റെ 60 ശതമാനവും സല്‍മാന്‍റെ പോക്കറ്റിലേക്ക് പോകും. അതേസമയം ദീപാവലി ദിനമായ ഞായറാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യദിനം ചിത്രം നേടിയത് 94 കോടിയാണെന്ന് നിര്‍മ്മാതാക്കളായ വൈആര്‍എഫ് അറിയിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here