ലഖ്‌നോ: ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ചെയ്തികള്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. യു.പി സര്‍ക്കാറിന്റെ ധാര്‍ഷ്ട്യമാണ് അവരുടെ ചെയ്തികള്‍ കാണിക്കുന്നത്. അടിമുടി താറുമാറായ ഒരു ഭരണ സംവിധാനമാണ് ഇപ്പോള്‍ ഉത്തര്‍ പ്രദേശിലുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഒരുപക്ഷേ, നമ്മുടെ രാജ്യം ഒരു ജനാധിപത്യ രാജ്യമാണെന്ന് അവര്‍ മറന്നിരിക്കാം, എന്നാല്‍ ജനങ്ങള്‍ അതവരെ അത് ഓര്‍മ്മപ്പെടുത്തുക തന്നെ ചെയ്യുമെന്നും പ്രിയങ്ക മുന്നറിയിപ്പു നല്‍കി.
രാഷ്ട്രീയ ലോക്ദള്‍ നേതാവ് ജയന്ത് ചൗധരിക്ക് നേരെ യു.പി പൊലിസിന്റെ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ വിമര്‍ശനം. ഹാത്രാ സില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ ചൗധരിക്ക് നേരെ പൊലിസ് ലാത്തി ചാര്‍ജ് നടത്തിയിരുന്നു.രാഷ്ട്രീയ ലോക്ദള്‍ നേതാവ് ജയന്ത് ചൗധരിക്ക് നേരെയുള്ള യു.പി പൊലിസിന്റെ നടപടി അപലപനീയമാണ്. പ്രതിപക്ഷ നേതാക്കളെ ഇങ്ങനെ അക്രമിക്കുകയോ?. യു.പി സര്‍ക്കാറിന്റെ ധാര്‍ഷ്ട്യമാണ് ഇത് കാണിക്കുന്നത്. ഭരണ സംവിധാനം അടിമുടി താറുമാറായിരിക്കുന്നു.
ഒരുപക്ഷേ, നമ്മുടെ രാജ്യം ഒരു ജനാധിപത്യ രാജ്യമാണെന്ന് അവര്‍ മറന്നിരിക്കാം, എന്നാല്‍ ജനങ്ങള്‍ അതവരെ അത് ഓര്‍മ്മപ്പെടുത്തുക തന്നെ ചെയ്യും’- പ്രിയങ്ക ട്വീറ്റ് ചെയ്തു നേരത്തെ ഹാത്രാസിലേക്ക് പോകുംവഴി പ്രിയങ്കാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നേരെ പൊലിസ് കയ്യേറ്റം നടത്തിയിരുന്നു. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് രാഹുലും പ്രിയങ്കയും ഹാത്രാസിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പെണ്‍കുട്ടിയുടെ അച്ഛനമ്മമാരെ കണ്ടത്. പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ ഹാത്രാസിലെത്തിയ ചന്ദ്രശേഖര്‍ ആസാദിനെയും പൊലിസ് തടഞ്ഞിരുന്നു. ഗ്രാമത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെവെച്ചാണ് പൊലിസ് ഭീം ആര്‍മി സംഘത്തെ തടഞ്ഞത്. തുടര്‍ന്ന് ഹാത്രാസിലേക്ക് കാല്‍നടയായി യാത്ര ചെയ്യുകയായിരുന്നു ആസാദും സംഘവും.
ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. സവര്‍ണ വിഭാഗത്തില്‍ പെട്ടവരാണ് പ്രതികള്‍.