World Cup 2023: , ദക്ഷിണാഫ്രിക്കയ്ക്ക് ഗംഭീര ജയം

0
135

അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്ഥാന്‍ 244 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 15 പന്തും 5 വിക്കറ്റും ബാക്കിയാക്കി ജയിക്കുകയായിരുന്നു. റാസി വാന്‍ ഡെര്‍ ഡ്യൂസന്റെയും (76*) അന്‍ഡിലി ഫെലുക്ക്വായോയുടെയും (39*) ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയമൊരുക്കിയത്. സെമിയില്‍ ഓസ്‌ട്രേലിയയാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളികള്‍.ടോസ് നേടിയ അഫ്ഗാന്‍ നായകന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 41 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും റഹ്‌മാനുല്ല ഗുര്‍ബാസ് (25) പുറത്തായി. 22 പന്ത് നേരിട്ട് 3 ഫോറും 1 സിക്‌സും പറത്തിയ താരത്തെ കേശവ് മഹാരാജാണ് പുറത്താക്കിയത്.

തൊട്ടടുത്ത ഓവറില്‍ ഇബ്രാഹിം സദ്രാനെ (15) കോയിറ്റ്‌സി മടക്കി. മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന നായകന്‍ ഹഷ്മത്തുല്ല ഷാഹിദിക്ക് (2) തിളങ്ങാനായില്ല.കേശവ് മഹാരാജാണ് ഷാഹിദിയെ പുറത്താക്കിയത്. ഷാഹിദി പുറത്താവുമ്പോള്‍ 3ന് 45 എന്ന തകര്‍ന്ന അവസ്ഥയിലായിരുന്നു അഫ്ഗാന്‍. റഹ്‌മത്ത് ഷാ (26) പതിയെ റണ്‍സുയര്‍ത്തവെ ലൂങ്കി എന്‍ഗിഡി മടക്ക ടിക്കറ്റ് നല്‍കി. ഇക്രം അലിഖിലിനും (12) കാര്യമായൊന്നും ചെയ്യാനായില്ല. ഒരുവശത്ത് അസ്മത്തുല്ല ഒമര്‍സായി റണ്‍സുയര്‍ത്തി. എന്നാല്‍ മികച്ച പിന്തുണ നല്‍കാന്‍ അഫ്ഗാന്‍ നിരയില്‍ ആര്‍ക്കുമായില്ല.

മുഹമ്മദ് നബി (2) എന്‍ഗിഡിക്ക് കീഴടങ്ങിയതോടെ 200നുള്ളില്‍ അഫ്ഗാന്‍ ഒതുങ്ങുമെന്ന് തോന്നിച്ചു.റാഷിദ് ഖാനും (14) കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. നൂര്‍ അഹമ്മദ് (26) നിര്‍ണ്ണായക റണ്‍സുകള്‍ വാലറ്റത്ത് നേടി. മുജീബുര്‍ റഹ്‌മാനും (8) നവീന്‍ ഉല്‍ ഹഖിനും (2) കാര്യമായ പ്രകടനം നടത്താനായില്ല. ഒമര്‍സായി 107 പന്ത് നേരിട്ട് 7 ഫോറും 3 സിക്‌സും ഉള്‍പ്പെടെ നേടിയ 97* റണ്‍സിന്റെ കരുത്തില്‍ 50 ഓവറില്‍ 244 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് അഫ്ഗാനെത്തി. ദക്ഷിണാഫ്രിക്കയ്ക്കായി ജെറാള്‍ഡ് കോയിറ്റ്‌സി നാലും ലൂങ്കി എന്‍ഗിഡി, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ആന്‍ഡിലി ഫെലുക്ക്വായോ ഒരു വിക്കറ്റും നേടി.മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം ലഭിച്ചു. കൂട്ടുകെട്ട് 64ല്‍ നില്‍ക്കവെ നായകന്‍ ടെംബ ബാവുമയെ (23) മുജീബുര്‍ റഹ്‌മാന്‍ പുറത്താക്കി. രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ക്വിന്റന്‍ ഡീകോക്കിനെ (41) മുഹമ്മദ് നബി എല്‍ബിയില്‍ കുടുക്കി. 2 ഫോറും 3 സിക്‌സുമാണ് ഡീകോക്ക് നേടിയത്. എയ്ഡന്‍ മാര്‍ക്രം (25) നിലയുറപ്പിച്ച് വരവെ റാഷിദ് ഖാന്‍ മടക്ക ടിക്കറ്റ് നല്‍കി.

32 പന്ത് നേരിട്ട താരം ഓരോ സിക്‌സും ഫോറുമാണ് നേടിയത്.കൃത്യമായ ഇടവേളകളില്‍ അഫ്ഗാന്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ടേയിരുന്നു. ഹെന്റിച്ച് ക്ലാസനെ (10) റാഷിദ് ഖാന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഡേവിഡ് മില്ലര്‍ (24) ദക്ഷിണാഫ്രിക്കയുടെ വിജയ ശില്‍പ്പിയാവുമെന്ന് തോന്നിപ്പിച്ചെങ്കിലും മുഹമ്മദ് നബി റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി. ഓരോ സിക്‌സും ഫോറുമാണ് മില്ലര്‍ നേടിയത്. എന്നാല്‍ ഒരുവശത്ത് പിടിച്ചുനിന്ന വാന്‍ ഡെര്‍ ഡ്യൂസനും ആന്‍ഡിലി ഫെലുക്കുവായോയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് ജയമൊരുക്കുകയായിരുന്നു. ഡ്യൂസന്‍ 95 പന്ത് നേരിട്ട് 6 ഫോറും 1 സിക്‌സും പറത്തിയപ്പോള്‍ 37 പന്ത് നേരിട്ട് 1 ഫോറും 3 സിക്‌സുമാണ് ഫെലുക്ക്വായോ നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here