രശ്മിക മന്ദാനയുടെ ഡീപ്പ്ഫേക്ക് വീഡിയോ: കേസെടുത്ത് ഡൽഹി പോലീസ്

0
135

നടി രശ്മിക മന്ദാനയുടെ പേരിൽ വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ച സംഭവത്തിൽ ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം ഡൽഹി പോലീസ് ഏറ്റെടുത്തതായി അധികൃതർ അറിയിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 1860-ലെ സെക്ഷൻ 465 (വ്യാജരേഖ), 469 (പ്രതികൂപത്തിന് ഹാനിവരുത്തൽ), 2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 66C (ഐഡന്റിറ്റി മോഷണം), 66E (സ്വകാര്യത ലംഘനം) എന്നിവ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയ ഇൻഫ്‌ലുവെൻസറായ സാറാ പട്ടേലിന്റെ മുഖത്തിന് പകരം എഐ ഉപയോഗിച്ച് രശ്മികയുടെ മുഖം ചേർക്കുകയായിരുന്നു.

തന്റെ ഡീപ്ഫേക്ക് വീഡിയോ വൈറലായതിന് പിന്നാലെ സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിൽ ആശങ്ക പ്രകടിപ്പിച്ച് രശ്മിക മന്ദന്ന രംഗത്തെത്തിയിരുന്നു.  ‘എന്റേത് എന്ന പേരിൽ ഓൺലൈനിൽ പ്രചരിക്കുന്ന ഡീപ്ഫേക്ക് വീഡിയോ കുറിച്ച് സംസാരിക്കേണ്ടി വരുന്നത് തീർത്തും വേദനാജനകമാണ്. ഇത്തരമൊരു കാര്യം എനിക്ക് മാത്രമല്ല ഇതുപോലെ സാങ്കേതികവിദ്യയുടെ ദുരുപയോഗം കാരണം ഇന്ന് ഇരയാകുന്ന നമ്മളോരോരുത്തർക്കും അങ്ങേയറ്റം ഭീതിപ്പെടുത്തുന്നതാണ്. ഇന്ന്, ഒരു സ്ത്രീ എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും, എനിക്ക് സുരക്ഷയും പിന്തുണയും നൽകുന്ന എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഞാൻ നന്ദി പറയുന്നു.

എന്നാൽ ഞാൻ സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇത് സംഭവിച്ചതെങ്കിൽ, എനിക്ക് ഇത് എങ്ങനെ നേരിടാൻ കഴിയുമെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഇത്തരം ഐഡന്റിറ്റി മോഷണം കൂടുതൽ പേരെ ബാധിക്കുന്നതിന് മുമ്പ്, ഒരു സമൂഹമെന്ന നിലയിൽ അടിയന്തിരമായും നാം ഇതിനെ അഭിസംബോധന ചെയ്യേണ്ടതുണ്ട്’ രശ്മിക പറഞ്ഞു. ഞായറാഴ്ച്ചയാണ് രശ്മികയുടെ മുഖമുള്ള ഡീപ്പ് ഫേക്ക് വീഡിയോ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചത്. ഗ്ലാമറസ്സ് വസ്ത്രം ധരിച്ച് ഒരു ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലായിരുന്നു ദൃശ്യങ്ങൾ പ്രചരിച്ചത്. സംഭവത്തിൽ പ്രതികരണവുമായി അമിതാഭ് ബച്ചൻ അടക്കമുള്ള താരങ്ങൾ രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here