177 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ലഖ്‌നൗ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ഒന്നാം വിക്കറ്റില്‍ 134 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ക്വിന്റണ്‍ ഡി കോക്ക്-കെഎല്‍ രാഹുല്‍ സഖ്യമാണ് ലഖ്‌നൗവിന് അനായാസ ജയം സമ്മാനിച്ചത്. ക്വിന്റണ്‍ ഡികോക്ക് 54 റണ്‍സെടുത്ത് പുറത്തായി.43 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സുമടക്കമായിരുന്നു ഡികോക്കിന്റെ 54 റണ്‍സ്. ഡികോക്ക് പുറത്തായതിന് ശേഷമെത്തിയ നിക്കോളാസ് പൂരനും അതിവേഗം റണ്‍സ് കണ്ടെത്തി. അതിനിടെ രാഹുല്‍ പുറത്തായി. 53 പന്തില്‍ മൂന്ന് സിക്‌സും ഒമ്പത് ഫോറുമടക്കം 82 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്.
എന്നാല്‍ സ്റ്റോയിനിസിനെ കൂട്ടുപിടിച്ച് കൂടുതല്‍ പരിക്കുകളില്ലാതെ പൂരന്‍ ടീമിനെ വിജയത്തിലെത്തിച്ചു.നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് എടുത്തത്. അര്‍ധ സെഞ്ച്വറി നേടിയ രവീന്ദ്ര ജഡേജയുടെ പ്രകടനമാണ് ചെന്നൈയെ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. രവീന്ദ്ര ജഡേജ 40 പന്തില്‍ നിന്ന് 1 സിക്സും 5 ഫോറും അടക്കം 57 റണ്‍സെടുത്തു. സ്‌കോര്‍ ബോര്‍ഡില്‍ വെറും നാല് റണ്‍സുള്ളപ്പോള്‍ ചെന്നൈക്ക് രചിന്‍ രവീന്ദ്രയെ നഷ്ടമായി.33 റണ്‍സായപ്പോഴേക്കും 17 റണ്‍സെടുത്ത ക്യാപ്റ്റന്‍ റിതുരാജ് ഗെയ്ക്വാദും കൂടാരം കയറി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന അജിങ്ക്യ രഹാനെയും ജഡേജയും ടീമിനെ മുന്നോട്ട് നയിക്കുമെന്ന് തോന്നിച്ചു.
എന്നാല്‍ നിലയുറപ്പിച്ച രഹാനെയെ (36) ക്രൂണാള്‍ പാണ്ഡ്യ മടക്കി. പിന്നീടെത്തിയ ശിവം ദുബെയും (3), സമീര്‍ റിസ്വിയും (1) പെട്ടെന്ന് മടങ്ങിയതോടെ ചെന്നൈ 90 ന് അഞ്ച് എന്ന നിലയില്‍ പതറി.എന്നാല്‍ ജഡേജക്ക് കൂട്ടായി മൊയിന്‍ അലി എത്തിയതോടെ സ്‌കോര്‍ ബോര്‍ഡിന് വീണ്ടും ജീവന്‍ വെച്ചു. 20 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സുമടക്കം 30 റണ്‍സെടുത്ത മൊയിന്‍ അലിയെ രവി ബിഷ്ണോയ് മടക്കി. പുറത്താകും മുന്‍പ് ജഡേജക്കൊപ്പം മൊയിന്‍ അലി 51 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. 18-ാം ഓവറില്‍ ക്രീസിലെത്തിയ ധോണി 9 പന്തില്‍ 2 സിക്സും 3 ഫോറും അടക്കം 28 റണ്‍സെടുത്തു.