കൈവിട്ടുപോകുമെന്ന തോന്നിച്ച കളി അവിശ്വസനീയമായ പോരാട്ടവീര്യത്തിലൂടെ തിരിച്ചപിടിച്ച് ഇന്ത്യൻ കൗമാരപ്പട. അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍. 245 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 7 പന്ത് ബാക്കിനില്‍ക്കെ മറികടന്നു. സെഞ്ചുറിയെക്കാള്‍ തിളക്കമുള്ള സച്ചിന്‍ ദാസിന്റെ ഇന്നിങ്‌സും (95 പന്തില്‍ 96) ക്യാപ്റ്റന്‍ ഉദയ് സാഹറന്റെ ഇന്നിങ്‌സും (124 പന്തില്‍ 81) ആണ് ഇന്ത്യയെ രക്ഷിച്ചത്. ഓസ്‌ട്രേലിയ – പാകിസ്ഥാന്‍ രണ്ടാം സെമി വിജയികളെയാകും ഫൈനലില്‍ ഇന്ത്യ നേരിടുക. ഇത് അഞ്ചാം തവണയാണ് ഇന്ത്യ ഫൈനലില്‍ എത്തുന്നത്.
നേരിട്ട ഒന്നാം പന്തില്‍തന്നെ ഓപ്പണര്‍ ആദര്‍ശ് സിങ്ങിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. നാലാം ഓവറില്‍ രണ്ടാം വിക്കറ്റും വീണു. നാല് റണ്‍സ് എടുത്ത് മുഷീര്‍ ഖാന്‍ കൂടാരം കയറി. ടീം സ്കോർ 25 റണ്‍സില്‍ നില്‍ക്കെ അര്‍ഷിന്‍ മടങ്ങി. ഏഴ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാലാം വിക്കറ്റും വീണതോടെ ഇന്ത്യ കളി കൈവിട്ടുവെന്ന് തോന്നി.
എന്നാൽ പിന്നീടായിരുന്നു യഥാർത്ഥ പോരാട്ടം. ക്യാപ്റ്റന്‍ ഉദയ് സഹറാന്റെയും സച്ചിന്‍ ദാസിന്റെയും നിലയുറപ്പിച്ചുള്ള പോരാട്ടം. സച്ചിന്‍ ആക്രമിച്ചു കളിച്ചപ്പോള്‍ ഉദയ് നിലയുറപ്പിച്ചുകൊണ്ടാണ് നീങ്ങിയത്. ഒരു സിക്സും 11 ഫോറും നിറഞ്ഞതായിരുന്നു സച്ചിന്‍ ദാസിന്റെ ഇന്നിങ്സ്. അഞ്ച് ഫോറുകള്‍ അടങ്ങിയതാണ് ഉദയ് സഹറാന്റെ പ്രകടനം. രാജ് ലിംബാനി എട്ട് റണ്‍സോടെ പുറത്താവാതെ നിന്നു.
ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ക്വെന മഫാകയും ട്രിസ്റ്റന്‍ ലൂസും മൂന്നു വീതം വിക്കറ്റുകള്‍ നേടി. നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക, ഇന്ത്യക്കു മുന്നില്‍ 245 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി. നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സെടുത്തു. വിക്കറ്റ് കീപ്പറും ഓപ്പണിങ് ബാറ്ററുമായ ഹുവാന്‍ ഡ്രെ പ്രിറ്റോറിയസിന്റെയും റിച്ചാര്‍ഡ് സെലറ്റ്സ്വാനെയുടെയും ബാറ്റിങ് മികവാണ് ദക്ഷിണാഫ്രിക്കയ്ക്ക് 200ന് മുകളില്‍ സ്‌കോര്‍ സമ്മാനിച്ചത്.
102 പന്തില്‍ 76 റണ്‍സാണ് ഹുവാന്‍ ഡ്രെ പ്രിറ്റോറിയസ് നേടിയത്. 100 പന്തുകള്‍ നേരിട്ട് സെലെറ്റ്‌സ്വാനെ 64 റണ്‍സും നേടി. ക്യാപ്റ്റന്‍ ജുവാന്‍ ജെയിംസ് (24), ട്രിസ്റ്റന്‍ ലൂസ് (23*), ഒലിവര്‍ വൈറ്റ്‌ഹെഡ് (22), സ്റ്റീവ് സ്‌റ്റോക്ക് (14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍. റിലീ നോര്‍ട്ടണ്‍ (7*)ഡേവിഡ് ടീനേജര്‍ (പൂജ്യം), ദിവാന്‍ മറൈസ് (3) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍.
ഇന്ത്യക്കുവേണ്ടി രാജ് ലിംബാനി, ഒന്‍പത് ഓവറില്‍ 60 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. പത്ത് ഓവറില്‍ 43 റണ്‍സ് വഴങ്ങി മുഷീര്‍ ഖാന്‍ രണ്ടും നമന്‍ തിവാരി, സൗമി പാണ്ഡി എന്നിവര്‍ ഓരോ വീക്കറ്റും നേടി.