ലോകകപ്പിലെ നിര്‍ണായക മല്‍സരത്തില്‍ ശ്രീങ്കയെ തരിപ്പണമാക്കി ന്യൂസിലാന്‍ഡ് സെമി ഫൈനല്‍ യോഗ്യതയ്ക്കു തൊട്ടരികെ. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന തികച്ചും ഏകപക്ഷീയമായ കളിയില്‍ ലങ്കയെ അഞ്ചു വിക്കറ്റിനാണ് കിവികള്‍ കെട്ടുകെട്ടിച്ചത്. ഇതോടെ 10 പോയിന്റുമായി സെമിക്കു കൈയെത്തുംദൂരത്തു കിവികള്‍ എത്തുകയും ചെയ്തു. പാകിസ്താന്‍, അഫ്ഗാനിസ്താന്‍ ടീമുകള്‍ ഏറെക്കുറെ പുറത്താവലിന്റെ വക്കിലുമാണ്.കാര്യമായ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ 15 മുംബൈയിലെ വാംഖഡെയില്‍ നടക്കുന്ന ആദ്യ സെമിയില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടും.
സൗത്താഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലാണ് രണ്ടാം സെമി ഫൈനല്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ലങ്കയ്ക്കു 172 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ന്യൂസിലാന്‍ഡിനു നല്‍കാനായത്. ഈ ടോട്ടല്‍ ഒരു ഘട്ടത്തിലും കിവീസിനു ഭീഷണിയായില്ല. തുടക്കത്തില്‍ തന്നെ രണ്ട്- മൂന്ന് വിക്കറ്റുകള്‍ ലഭിച്ചാല്‍ മാത്രമേ ലങ്കയ്ക്കു നേരിയ സാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഓപ്പണിങ് വിക്കറ്റില്‍ ഡെവന്‍ കോണ്‍വേ- രചിന്‍ രവീന്ദ്ര സഖ്യം 74 ബോളില്‍ 86 റണ്‍സെടുത്തപ്പോള്‍ തന്നെ മല്‍സരം കിവികള്‍ വരുതിയിലാക്കി. എത്ര ഓവറില്‍ അവര്‍ വിജയ റണ്‍സ് കുറിക്കുമെന്നു മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. 23.2 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ കിവികള്‍ വിജയത്തിലെത്തുകയും ചെയ്തു.
45 റണ്‍സെടുത്ത കോണ്‍വേയാണ് കിവികളുടെ ടോപ്‌സ്‌കോറര്‍. 42 ബോളുകള്‍ നേരിട്ട താരം ഒമ്പതു ഫോറുകളടിച്ചു. രചിന്‍ 34 ബോളില്‍ മൂന്നു വീതം ഫോറും സിക്‌സറുമടക്കം 42 റണ്‍സെടുത്തപ്പോള്‍ ഡാരില്‍ മിച്ചെല്‍ 31 ബോളില്‍ അഞ്ചു ഫോറും രണ്ടു സിക്‌സറുമടക്കം 43 റണ്‍സും സ്‌കോര്‍ ചേയ്തു. ഗ്ലെന്‍ ഫിലിപ്‌സും (17*) ടോം ലാതവും (2*) ചേര്‍ന്ന് വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. നേരത്തേ ലങ്കയുടെ ഇന്നിങ്‌സ് 46.4 ഓവറില്‍ 171 റണ്‍സില്‍ അവസാനിപ്പിക്കുകയായിരുന്നു. കുശാല്‍ പെരേരയുടെ (51) ഫിഫ്റ്റിയും വാലറ്റത്ത് സ്പിന്നര്‍ മഹീഷ് തീക്ഷണയുടെ (38*) പ്രകടനവുമാണ് ലങ്കയെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. മറ്റാരും 20 റണ്‍സ് പോലും തികച്ചില്ല. ധനഞ്ജയ ഡിസില്‍വ (19), ദില്‍ഷന്‍ മധുഷങ്ക (19), ഏഞ്ചലോ മാത്യൂസ് (16) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍.
28 ബോളില്‍ ഒമ്പതു ഫോറും രണ്ടു സിക്‌സറുമടക്കമാണ് പെരേര ടീമിന്റെ രക്ഷകനായത്. കരിയര്‍ ബെസ്റ്റ് പ്രകനം പുറത്തെടുത്ത തീക്ഷണ 91 ബോളില്‍ മൂന്നു ഫോറുകളുമടിച്ചു. ലങ്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ഓവറില്‍ തന്നെ പതും നിസങ്കയെ (2) ടിം സൗത്തി പുറത്താക്കി. പിന്നീട് ലങ്കയ്ക്കു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. പവര്‍പ്ലേ കഴിയുമ്പോഴേക്കും ലങ്കയ്ക്കു പകുതി പേരെയും നഷ്ടമായി. 10 ഓവറില്‍ അഞ്ചു വിക്കറ്റിനു 70 റണ്‍സെന്ന നിലയില്‍ ലങ്ക പതറി.
മികച്ച കൂട്ടുകെട്ടുകളൊന്നുമുണ്ടാക്കാന്‍ അവരെ കിവി ബൗളര്‍മാര്‍ അനുവദിച്ചില്ല. 33ാം ഓവറില്‍ ടീം സ്‌കോര്‍ 128ല്‍ നില്‍ക്കെ ഒമ്പതാം വിക്കറ്റും ലങ്കയ്ക്കു നഷ്ടമായി. ഇതോടെ 150 റണ്‍സ് പോലും ലങ്ക തികയ്്ക്കുമോയെന്നു സംശയിക്കുകയും ചെയ്തു.
എന്നാല്‍ അവസാന വിക്കറ്റില്‍ മധുഷങ്കയെ കൂട്ടുപിടിച്ച് അവിശ്വസനീയ കൂട്ടുകെട്ടുമായി തീക്ഷണ ലങ്കയെ നാണക്കേടില്‍ നിന്നും രക്ഷിച്ചു. വിലപ്പെട്ട 43 റണ്‍സാണ് ഇരുവരും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. ഇതാണ് ലങ്കയെ 170 കടക്കാന്‍ സഹായിച്ചത്. 33ാം ഓവറില്‍ ഒന്നിച്ച തീക്ഷണ-മധുഷങ്ക ജോടി വേര്‍പിരിഞ്ഞത് 47ാം ഓവറിലായിരുന്നു. കിവി ബൗളര്‍മാരില്‍ ഏറ്റവും മികച്ചു നിന്നത് ട്രെന്റ് ബോള്‍ട്ടാണ്. മൂന്നു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. ലോക്കി ഫെര്‍ഗൂസണ്‍, മിച്ചെല്‍ സാന്റ്‌നര്‍, രചിന്‍ രവീന്ദ്ര എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളുമെടുത്തു.