ലൈഫ് മിഷൻ: സി.ബി ഐ എഫ് ഐ ആർ റദ്ദാക്കണമെന്ന സർക്കാരിന്റെ സർക്കാരിന്റെ ഹർജി ഹൈക്കോടതിയിൽ

0
113

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വിജി അരുണ്‍കുമാറാണ് ഹര്‍ജി പരിഗണിക്കുന്നത്. സിബിഐ കോടതിയില്‍ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ യു.വി.ജോസ് ഹര്‍ജി നല്‍കിയത്.

ഭവനരഹിതരായവര്‍ക്ക് പാര്‍പ്പിടം നല്‍കാനുള്ള ലൈഫ് പദ്ധതിയുടെ നടത്തിപ്പിന് യൂണിടാക്, സാന്‍ വെഞ്ചേഴ്‌സ് എന്നീ കമ്ബനികള്‍ യുഎഇയിലെ റെഡ്ക്രസന്റില്‍ നിന്നും പണം കൈപ്പറ്റിയതില്‍ അപാകതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. വിദേശ ഫണ്ട് വാങ്ങുന്നതിന് നിയമപ്രകാരം വിലക്കുള്ളവയുടെ പട്ടികയില്‍ വരുന്നതല്ല രണ്ട് കമ്ബനികളും.

കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിലും ഇത്തരം കമ്ബനികള്‍ക്ക് വിലക്കില്ല. കമ്ബനികള്‍ ഏറ്റെടുക്കുന്ന ജോലികള്‍ക്ക് പണം സ്വീകരിക്കാം. ഇതിന് നിയമത്തില്‍ തന്നെ വ്യവസ്ഥയുണ്ട്.

വിദേശ ഫണ്ട് വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളവരില്‍ സര്‍ക്കാരോ സര്‍ക്കാര്‍ ഏജന്‍സികളോ ഉള്‍പ്പെടില്ല. 2020 ജനുവരി 30 ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ സിഎജി ഓഡിറ്റിന് വിധേയമായ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വിദേശ ഫണ്ട് വാങ്ങുന്നതില്‍ വിലക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ലൈഫ് പദ്ധതിക്ക് കേന്ദ്ര നിയമ പ്രകാരം വിലക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

അനില്‍ അക്കര എംഎല്‍എയുടെ പരാതിയില്‍ കേസെടുത്ത സിബിഐയുടെ നടപടി നിയമാനുസൃതമല്ല. പരാതിയിലെ ആരോപണങ്ങള്‍ പൂര്‍ണമായി ശരിവച്ചാല്‍ത്തന്നെ അത് കുറ്റകൃത്യമാവുന്നില്ല. പല കേസുകളും അന്വേഷിക്കാന്‍ വിസമ്മതം പ്രകടിപ്പിക്കുന്ന സിബിഐ ഈ കേസ് അന്വേഷണത്തിന് തിടുക്കം കാട്ടുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ട്. നിയമാനുസൃതമുള്ള പ്രാഥമിക അന്വേഷണം നടത്താതെയാണ് സിബിഐ കേസെടുത്തതെന്നും ഹര്‍ജിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here