ടെല്‍ അവീവ്: വടക്കൻ ഗാസയിലെ പൂര്‍ണ കരയുദ്ധത്തിന് മുന്നോടിയായി ഗാസ സിറ്റിയുടെ ഹൃദയ ഭാഗത്തേക്ക് കടന്നതായി ഇസ്രയേല്‍ സൈന്യം.
സൈന്യത്തിന്റെ എൻജിനിയറിംഗ് സംഘം സ്ഫോടനങ്ങളിലൂടെ ഹമാസിന്റെ ഭൂഗര്‍ഭ ടണലുകള്‍ തകര്‍ത്തു. ആയുധ നിര്‍മ്മാതാവ് മഹ്‌സൈീൻ അബു സിന അടക്കം നിരവധി ഹമാസ് അംഗങ്ങളെ വധിച്ചു.
ഇസ്രയേല്‍ ടാങ്കുകള്‍ക്കെതിരെ ഹമാസ് ശക്തമായ ആക്രമണം തുടരുന്നുണ്ട്. ജനങ്ങള്‍ക്ക് തെക്കൻ ഗാസയിലേക്ക് ഒഴിയാൻ സലാ അല്‍ദിൻ ഹൈവേ തുടര്‍ച്ചയായ അഞ്ചാം ദിനവും ഇസ്രയേല്‍ തുറന്നുകൊടുത്തു.
അതേസമയം, ഗാസയെ ഇസ്രയേല്‍ വീണ്ടും പിടിച്ചെടുക്കരുതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി. ജപ്പാനില്‍ നടന്ന ജി 7 രാജ്യങ്ങളിലെ വിദേശ മന്ത്രിമാരുടെ യോഗത്തിന് ശേഷമായിരുന്നു പ്രതികരണം. അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസരിച്ച് സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ അംഗീകരിച്ച ജി 7 നേതാക്കള്‍ ഗാസയില്‍ സംഘര്‍ഷത്തിന് ഇടവേള ആവശ്യപ്പെട്ടു. ഗാസയില്‍ വീണ്ടും അധിനിവേശം നടത്തുന്നതിനെ പിന്തുണയ്ക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും വ്യക്തമാക്കി. ഹമാസിനെ ഉന്മൂലനം ചെയ്ത് ഗാസയുടെ സുരക്ഷ ഇസ്രയേലിന്റെ നിയന്ത്രണത്തിലാക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.