World Cup 2023: പൊരുതി നേടി ഓസീസ്,

0
66

ഏകദിന ലോകകപ്പിലെ ത്രില്ലിങ് മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയ. ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 19 പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി ജയിക്കുകയായിരുന്നു. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ (201*) ഇരട്ട സെഞ്ച്വറിയാണ് ഓസീസിന് അവിശ്വസനീയ ജയമൊരുക്കിയത്. ജയത്തോടെ 8 മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി ഓസ്‌ട്രേലിയ സെമിയില്‍ സീറ്റുറപ്പിച്ചു.ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേരത്തെ തന്നെ സെമി ഉറപ്പിച്ചതാണ്. ഇനി നാലാം സ്ഥാനക്കാര്‍ ആരാണെന്നാണ് അറിയേണ്ടത്. അഫ്ഗാനിസ്ഥാന്റെ തോല്‍വിയോടെ ടീമിന്റെ സെമി സാധ്യത അവസാനിച്ചിരിക്കുകയാണ്. അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാലും അഫ്ഗാന് സെമി കളിക്കാന്‍ സാധിക്കില്ല. നെറ്റ് റണ്‍റേറ്റാണ് അഫ്ഗാന്റെ അവസാന പ്രതീക്ഷകളും അസ്തമിപ്പിച്ചിരിക്കുന്നത്.

ഓസീസിനെ തോല്‍പ്പിച്ചിരുന്നെങ്കില്‍ ചരിത്ര സെമിയോട് അടുക്കാന്‍ അഫ്ഗാന് സാധിക്കുമായിരുന്നു.91 റണ്‍സിന് ഏഴ് വിക്കറ്റുകള്‍ നഷ്ടമായിടത്തുനിന്നാണ് ഓസീസിന്റെ അവിശ്വസനീയ തിരിച്ചുവരവ്. ഓസീസിന്റെ തകര്‍പ്പന്‍ ജയത്തോടെ പാകിസ്താന് ഏറ്റവും ഹാപ്പി. അഫ്ഗാനിസ്ഥാന്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചിരുന്നെങ്കില്‍ പാകിസ്താനത് വലിയ തിരിച്ചടിയായി മാറുമായിരുന്നു. എന്നാല്‍ ഓസീസ് ജയിച്ചതോടെ പാകിസ്താന്റെ സെമി സാധ്യത ഉയര്‍ന്നിരിക്കുകയാണ്. നിലവില്‍ എട്ട് മത്സരത്തില്‍ നിന്ന് എട്ട് പോയിന്റുള്ള പാകിസ്താന്‍ അഞ്ചാം സ്ഥാനത്താണ്. 0.036 ആണ് ടീമിന്റെ നെറ്റ് റണ്‍റേറ്റ്.അവസാന മത്സരത്തില്‍ ഇംഗ്ലണ്ടാണ് പാകിസ്താന്റെ എതിരാളികള്‍. ഇംഗ്ലണ്ടിനെ മികച്ച മാര്‍ജിനില്‍ തോല്‍പ്പിക്കാനായാല്‍ പാകിസ്താന്റെ സെമി സാധ്യത ഉയരും. നിലവില്‍ നാലാം സ്ഥാനത്ത് ന്യൂസീലന്‍ഡാണ്. എട്ട് പോയിന്റാണ് ന്യൂസീലന്‍ഡിനുള്ളത്.

എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ പാകിസ്താനെക്കാള്‍ മുകളിലാണ് ന്യൂസീലന്‍ഡ്. 0.398 ആണ് കിവീസിന്റെ നെറ്റ് റണ്‍റേറ്റ്. ന്യൂസീലന്‍ഡിന്റെ അവസാന മത്സരത്തിലെ എതിരാളി ശ്രീലങ്കയാണ്.ശ്രീലങ്കയോട് ന്യൂസീലന്‍ഡ് തോല്‍ക്കുകയും പാകിസ്താന്‍ ഇംഗ്ലണ്ടിനോട് ജയിക്കുകയും ചെയ്താല്‍ പാകിസ്താന് സെമി ടിക്കറ്റ് ലഭിക്കും. ന്യൂസീലന്‍ഡും പാകിസ്താനും അവസാന മത്സരം ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ കിവീസ് സെമിയിലേക്കെത്തും. പാകിസ്താന് വലിയ മാര്‍ജിനില്‍ ലഭിക്കാനാവാത്ത പക്ഷം നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താനാവില്ല.

പാകിസ്താനും ന്യൂസീലന്‍ഡിനും അവസാന മത്സരം നിര്‍ണ്ണായകമായി മാറിയിരിക്കുകയാണ്.അഫ്ഗാന്റെ തോല്‍വിയോടെ ന്യൂസീലന്‍ഡിന്റെ ചങ്കിടിപ്പ് ഉയരും. പാകിസ്താന്റെ സെമി സാധ്യതകള്‍ ഉയരുന്നത് ന്യൂസീലന്‍ഡിന്റെ സമ്മര്‍ദ്ദം ഉയര്‍ത്തും. നാലാം സ്ഥാനക്കാര്‍ സെമിയില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയെയാണ് നേരിടേണ്ടത്. ന്യൂസീലന്‍ഡാണോ പാകിസ്താനാണോ ഇന്ത്യയുടെ എതിരാളികളായി സെമിയിലേക്കെത്തുക എന്നതാണ് കണ്ടറിയേണ്ടത്. ആരാധകര്‍ ഇന്ത്യ-പാകിസ്താന്‍ സെമി പ്രതീക്ഷിക്കുന്നു. 2019ല്‍ ഇന്ത്യയെ സെമിയില്‍ പുറത്താക്കിയത് ന്യൂസീലന്‍ഡായിരുന്നു.ഏറെ നാളുകളായി സെമി ഫൈനല്‍ കടമ്പ കടക്കാന്‍ ഇന്ത്യ പ്രയാസപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ ഇത്തവണയും വലിയ സമ്മര്‍ദ്ദത്തോടെയാവും ഇന്ത്യ കളിക്കുകയെന്നുറപ്പ്.

ഇനിയുള്ള മത്സരങ്ങളെല്ലാം വളരെ പ്രധാനപ്പെട്ടതാണ്. നാലാം സ്ഥാനക്കാരായി ആര് കടക്കുമെന്നത് കാത്തിരുന്ന് തന്നെ കാണാം. ന്യൂസീലന്‍ഡിനും പാകിസ്താനും ജീവന്‍ മരണ പോരാട്ടമാണ് കാത്തിരിക്കുന്നതെന്ന് നിസംശയം പറയാം. അഫ്ഗാനിസ്ഥാനെതിരേ പുറത്താവാതെ 201 റണ്‍സടിച്ചതോടെ നിരവധി റെക്കോഡുകളും ഗ്ലെന്‍ മാക്‌സ് വെല്‍ സ്വന്തം പേരിലാക്കിയിട്ടുണ്ട്. ബൗണ്ടറികളിലൂടെ മാത്രം 144 റണ്‍സാണ് മാക്‌സ് വെല്‍ നേടിയത്. ഏകദിനത്തിലെ റണ്‍ ചേസില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡില്‍ മാക്‌സ് വെല്‍ തലപ്പത്തേക്കെത്തി. ഫഖര്‍ സമാന്റെ 193 റണ്‍സ് റെക്കോഡിനെയാണ് മറികടന്നത്. ഓപ്പണറല്ലാത്ത താരം ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്നതും റണ്‍ ചേസില്‍ ഇരട്ട സെഞ്ച്വറി നേടുന്നതും ഇതാദ്യമായാണ്.

LEAVE A REPLY

Please enter your comment!
Please enter your name here