ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിനിടെ ശ്രീലങ്കന്‍ താരം ഏയ്ഞ്ചലൊ മാത്യൂസിനെ ടൈം ഔട്ടിലൂടെ പുറത്താക്കാന്‍ അമ്പയറോട് അപ്പീല്‍ ചെയ്ത ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കീബ് അല്‍ ഹസനെതിരെ ക്രിക്കറ്റ് പ്രേമികള്‍ രംഗത്ത്. നിയമപരമായി ഷാക്കീബ് ചെയ്തത് ശരിയാണെങ്കിലും മാന്യന്‍മാരുടെ കളിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്രിക്കറ്റിന്‍റെ അന്തസിന് ചേര്‍ന്ന നീക്കമല്ല താരത്തില്‍ നിന്ന് ഉണ്ടായതെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നു.
‘ഷെയിം ഓൺ യു ഷാക്കിബ്’ എന്ന ഹാഷ്ടാഗ് സംഭവത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ഉസ്മാൻ ഖവാജ, ഗൗതം ഗംഭീർ, ഡെയ്ൽ സ്റ്റെയ്ൻ ഉൾപ്പെടെയുള്ള മുന്‍ താരങ്ങള്‍ ഏയ്ഞ്ചലൊ മാത്യൂസിന്‍റെ പുറത്താകലിനെ അപലപിച്ച് രംഗത്തെത്തി.
ഷാക്കിബിന്‍റെ നടപടി മങ്കാദിംഗിനെക്കാള്‍ നാണംകെട്ട പ്രവര്‍ത്തിയായെന്ന് ആരാധകര്‍ വിമര്‍ശിച്ചു.
ശ്രീലങ്കൻ ഇന്നിംഗ്സിലെ 25-ാം ഓവറിൽ സമരവിക്രമ പുറത്തായപ്പോഴാണ് ഏയ്ഞ്ചലോ മാത്യൂസ് ബാറ്റ് ചെയ്യാനായി എത്തുന്നത്. ക്രിക്കറ്റ് നിയമപ്രകാരം ഒരു ബാറ്റർ പുറത്തായി 2 മിനിറ്റിനുള്ളിൽ അടുത്ത ബാറ്റർ തയാറായി ക്രീസിൽ ഉണ്ടാകണമെന്നാണ് നിബന്ധന. ക്രീസിലെത്തിയ മാത്യൂസ് ഹെൽമറ്റ് സ്ട്രാപ്പ് മുറക്കിയപ്പോഴാണ് കേട് സംഭവിച്ചതായി മനസിലാക്കുന്നത്. അപ്പോഴേക്കും ഒരു മിനിറ്റ് 55 സെക്കൻഡ് പിന്നിട്ടിരുന്നു.