ഗാസയിലെ ആശുപത്രിയിൽ ചൊവ്വാഴ്‌ച നടന്ന സ്ഫോടനത്തിൽ 500ഓളം പലസ്‌തീനികൾ കൊല്ലപ്പെട്ടു. ഇസ്രയേൽ വ്യോമാക്രമണമാണ് സ്‌ഫോടനത്തിന് കാരണമെന്ന് പലസ്‌തീൻ അറിയിച്ചെങ്കിലും ആരോപണം തള്ളി ഇസ്രയേൽ രംഗത്ത് വന്നു. ഹമാസ് നടത്തിയ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതാണ് ഇത്രയും വലിയ നാശനഷ്‌ടത്തിലേക്ക് നയിച്ചതെന്നാണ് ഇസ്രയേലിന്റെ മറുപടി.ഒക്‌ടോബർ 7ന് തെക്കൻ ഇസ്രായേലിൽ അതിർത്തി കടന്നുള്ള ഹമാസ് ആക്രമണത്തിന് പകരമായി ഇസ്രയേൽ സൈന്യം ബോംബാക്രമണംആരംഭിച്ചതിന് ശേഷം ഗാസയിൽ ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ട ഒറ്റ സംഭവമായിരുന്നു ഈ സ്‌ഫോടനം.
ഗാസ മുനമ്പ് ഭരിക്കുന്ന ഇസ്ലാമിസ്‌റ്റ് ഗ്രൂപ്പായ ഹമാസുമായുള്ള യുദ്ധത്തിൽ രാജ്യത്തിന് പിന്തുണ നൽകാനും, സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ എങ്ങനെ പരിഹരിക്കുന്നുവെന്ന് ഇസ്രയേൽ പദ്ധതിയിടുന്നുവെന്ന് അറിയാനുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ സന്ദർശിക്കുന്നതിന്റെ തലേദിവസമാണ് ഈ ആക്രമണം നടന്നത്.സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആർക്കാണെന്ന കാര്യത്തിൽ റോയിറ്റേഴ്‌സിനും സ്ഥിരീകരണമില്ല. ഹമാസ് ഭരിക്കുന്ന ഗാസ സർക്കാരിലെ ആരോഗ്യമന്ത്രി മൈ അൽകൈല ആക്രമണം ഇസ്രയേലിന്റെ കൂട്ടക്കൊലയാണെന്ന് ആരോപിച്ചു. 300 പേർ കൊല്ലപ്പെട്ടതായി ഗാസ സിവിൽ ഡിഫൻസ് മേധാവിയും 500 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥനും പറഞ്ഞു.