ഗുരുഗ്രാം: വിവാഹം കഴിഞ്ഞ് പിറ്റേന്ന് യുവതി പണവും സ്വർണവുമായി മുങ്ങിയതായി പരാതി. ഹരിയാനയിലെ ബിലാസ്പൂരിലാണ് സംഭവം. ഒന്നരലക്ഷം രൂപയും സ്വര്‍ണവുമായി യുവതി സ്ഥലംവിട്ടെന്ന പരാതിയിൽ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തന്‍റെ ഇളയ മകൻ വിവാഹം ചെയ്ത പ്രീതിയെന്ന യുവതിയാണ് കടന്നുകളഞ്ഞെതെന്ന് അശോക് കുമാറെന്നയാളാണ് പരാതി നൽകിയത്.മകന് യോജിച്ച വധുവിനെ കണ്ടെത്താൻ അശോക് കുമാർ പരിചയക്കാരനായ മനീഷിനോട് പറഞ്ഞിരുന്നു. ഇതനുസരിച്ച് ഇയാൾ മഞ്ജു എന്നയാളെ പരിചയപ്പെടുത്തി. പെൺകുട്ടിയെ നന്നായി അറിയാമെന്ന് പറഞ്ഞ ഇയാളാണ് അച്ഛനെയും മകനെയും യുവതിയയെും മറ്റൊരാളെയും പരിചയപ്പെടുത്തുന്നത്. ഇവർ മൂന്നുപേരും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.യുവതിയുടെ കുടുംബം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണെന്നും, അതുകൊണ്ട് സ്ത്രീധനം ഒന്നും നല്‍കാന്‍ ഉണ്ടാവില്ലെന്നും മഞ്ജു പറഞ്ഞു.
തനിക്കും കുടുംബത്തിനും സ്ത്രീധനം ആവശ്യമില്ലെന്ന നിലപാട് താൻ സ്വീകരിച്ചതോടെയാണ് വിവാഹം നടന്നതെന്നാണ് അശോക് പരാതിയിൽ പറയുന്നത്.കുടുംബത്തിന് പ്രീതിയെ ഇഷ്ടപ്പെട്ടതോടെ ഒരു ലക്ഷം രൂപയും വിവാഹ വസ്ത്രങ്ങളും വാങ്ങി നല്‍കി. തുടര്‍ന്ന് കല്യാണത്തിന് ശേഷം പെണ്‍കുട്ടി വീട്ടിലെത്തി. അന്ന് രാത്രി വീട്ടിൽ റിസപ്ഷൻ നടത്തിയിരുന്നു. രാത്രിവരെ നീണ്ട് നിന്ന ആഘോഷങ്ങൾക്ക് ശേഷം എല്ലാവരും ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ മകന്‍ ജോലിക്ക് പോയി. എന്നാല്‍ പ്രീതിയെ കാണാനില്ലായിരുന്നെന്നാണ് അശോക് കുമാറിന്‍റെ പരാതിയില്‍ പറയുന്നത്.യുവതിയെ കാണാനില്ലെന്നറിഞ്ഞ് വീട് പരിശോധിച്ചപ്പോഴാണ് ഒന്നരലക്ഷം രൂപയും സ്വര്‍ണവും നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.
തുടർന്ന് മഞ്ജുവിനെ വിളിച്ച് അറിയിച്ചപ്പോള്‍ പ്രീതിയെ ബന്ധപ്പെട്ട് പ്രശ്‌നം തീര്‍ക്കാന്‍ ശ്രമിക്കാമെന്നാണ് മറുപടി നൽകിയത്. എന്നാല്‍ മഞ്ജുവിന്‍റെ കൂടെയുണ്ടായിരുന്നയാളെ വിളിച്ചപ്പോള്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.പ്രീതിയുടെയും മഞ്ജുവിന്‍റെയും ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നാമന്‍റെയും പേരിലാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് പ്രതികരിച്ചു.