തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പണിപൂര്‍ത്തിയായി വരുന്നത് 644 ഫ്ളാറ്റുകള്‍.
തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിലാണ് ഫ്ളാറ്റുകള്‍ ഒരുങ്ങുന്നത്. തിരുവനന്തപുരം മുട്ടത്തറയിലെ ഭവന സമുച്ഛയത്തില്‍ 400 ഫ്ളാറ്റുകളുടെയും ആലപ്പുഴ മണ്ണുംപുറത്തെ ഭവന സമുച്ഛയത്തില്‍ 228 ഫ്ളാറ്റുകളുടെയും മലപ്പുറം നിറമരുതൂരിലെ ഭവന സമുച്ഛയത്തില്‍ 16 ഫ്ളാറ്റുകളുടെയും നിര്‍മ്മാണമാണ് പുരോഗമിക്കുന്നത്. ഇതിന് പുറമെ, 540 ഫ്ളാറ്റുകള്‍ കൂടി നിര്‍മ്മിക്കാന്‍ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം വലിയതുറയില്‍ 192, തിരുവനന്തപുരം കാരോട് 24, മലപ്പുറം പൊന്നാനി 100, കോഴിക്കോട് വെസ്റ്റ്ഹില്‍ 80 , കാസര്‍ഗോഡ് കോയിപ്പാടി 144 എന്നിങ്ങനെ ഫ്ളാറ്റുകള്‍ നിര്‍മ്മിക്കാനാണ് അനുമതി ലഭിച്ചത്.
തീരദേശ വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്റര്‍ പരിധിക്കുള്ളില്‍ അധിവസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി 2018 ല്‍ ഫിഷറീസ് വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് പുനര്‍ഗേഹം. ഇതുവരെ പുനര്‍ഗേഹം പദ്ധതി പ്രകാരം 1968 കുടുംബങ്ങളെ വ്യക്തിഗത ഭവനങ്ങളിലേക്കും (തിരുവനന്തപുരം-523, കൊല്ലം-290, ആലപ്പുഴ-459, എറണാകുളം-53, തൃശ്ശൂര്‍-266, മലപ്പുറം-163, കോഴിക്കോട്-88, കണ്ണൂര്‍-85, കാസര്‍ഗോഡ്-41) 390 കുടുംബങ്ങളെ ഫ്ളാറ്റുകളിലേക്കും (തിരുവനന്തപുരം കാരോട്-128, തിരുവനന്തപുരം ബീമാപ്പള്ളി-20, കൊല്ലം ക്യു.എസ്.എസ് കോളനി-114, മലപ്പുറം പൊന്നാനി-128) പുനരധിവസിപ്പിച്ചു. ഇതുകൂടാതെ തിരുവനന്തപുരം വേളിയില്‍ 168 ഫ്ളാറ്റുകള്‍ നിര്‍മ്മിക്കാന്‍ ഭൂമിയും അനുവദിച്ചിട്ടുണ്ട്.