തമിഴകത്തിന്‍റെ ദളപതി വിജയ് സിനിമയിലെത്തിയിട്ട് 30 വര്‍ഷം പിന്നിട്ടു കഴിഞ്ഞു. ദക്ഷിണേന്ത്യന്‍ സിനിമ വ്യവസായത്തില്‍ വമ്പന്‍ വിജയങ്ങളും പരാജയങ്ങളുമായി സംഭവബഹുലമായിരുന്നു വിജയ്യുടെ മുപ്പത് വര്‍ഷത്തെ സിനിമാ ജീവിതം. റൊമാന്‍റിക് നായകനില്‍ നിന്ന് ആക്ഷന്‍ ഹീറോയിലേക്കും പിന്നീട് ആരാധകരുടെ പ്രിയപ്പെട്ട രക്ഷകനായും മാറിയ വിജയിയെ തമിഴ്നാടിന്‍റെ ഭാവി മുഖ്യമന്ത്രിയായി പോലും ഉയര്‍ത്തി കാട്ടുന്നവരുണ്ട്.
ആരാധകരോട് അത്രമേല്‍ സ്നേഹമുള്ള വിജയ്യുടെ സിനിമയിലെ മുപ്പതാം വര്‍ഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് അദ്ദേഹത്തിന്‍റെ ആരാധക സംഘടനായ വിജയ് മക്കള്‍ ഇയക്കം ആഘോഷിച്ചത്. 30 നവജാത ശിശുക്കള്‍ക്ക് സ്വര്‍ണമോതിരവും പുതുവസ്ത്രങ്ങളും ആരാധകര്‍ സമ്മാനമായി നല്‍കി.
അടയാര്‍ സര്‍ക്കാര്‍ മെന്‍റേണിറ്റി ആശുപത്രിയില്‍ ജനിച്ച കുട്ടികള്‍ക്കാണ് സ്വര്‍ണമോതിരം സമ്മാനിച്ചത്. സമാനരീതിയിൽ നേരത്തേ ക്രോംപേട്ട് സർക്കാർ ആശുപത്രിയിൽ 20 നവജാത ശിശുക്കൾക്ക് വിജയ് ആരാധകർ ചേർന്ന് സ്വർണമോതിരം നൽകിയിരുന്നു.
കൂടാതെ തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിലായി കുട്ടികള്‍ക്ക് മുട്ട, പാല്‍ തുടങ്ങിയ പോഷാകാഹാരങ്ങളും മക്കള്‍ ഇയക്കം പ്രവര്‍ത്തകര്‍ വിതരണം ചെയ്തു. വിജയുടെ ജന്മദിനത്തോട് അനുബന്ധിച്ച് വിപുലമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് തമിഴ്നാട്ടിലയും കേരളത്തിലെയും വിജയ് ആരാധകര്‍ നടത്താറുള്ളത്.
വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തിലെത്തുന്ന വിജയ്യുടെ അടുത്ത ചിത്രമായ വാരിശിനെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് മക്കള്‍ ഇയക്കം ഭാരവാഹികള്‍. രശ്മിക മന്ദാനയാണ് നായിക. ചിത്രം പൊങ്കലിന് തിയേറ്ററുകളിലെത്തും.