തെന്നിന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ലിയോയുടെ റിലീസിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.
തമിഴിലെ ഏറ്റവുമധികം ആരാധകരുള്ള സംവിധായകനായി വെറും 5 സിനിമകള്‍ കൊണ്ട് പേരെടുത്ത ലോകേഷിനൊപ്പം ഒരു ഗംഭീര സിനിമ തന്നെയാണ് വിജയ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഇന്ത്യയ്ക്ക് പുറത്ത് വിദേശ സ്ക്രീനുകളില്‍ പോലൂം റെക്കോര്‍ഡ് ബുക്കിങാണ് ലിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ 650 സ്ക്രീനുകളില്‍ പുലര്‍ച്ചെ 4 മണി മുതലാണ് ആദ്യ പ്രദര്‍ശനം.
അതേസമയം തമിഴ്നാട്ടിലെ സിനിമയുടെ പുലര്‍ച്ചെയുള്ള ഷോ സംബന്ധിച്ച അനിശ്ചിതത്വത്തിന് പരിഹാരമായില്ല എന്നതാണ് ആരാധകരെ കുഴപ്പിക്കുന്ന മറ്റൊരു കാര്യം.
പുലര്‍ച്ചെ 4 മണിയ്ക്ക് ലിയോയ്ക്ക് പ്രദര്‍ശനാനുമതി ആവശ്യപ്പെട്ട് പ്രൊഡ്യൂസര്‍ ലളിത് കുമാര്‍ തമിഴ്നാട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.എന്നാല്‍ രാവിലെ നാലുമണി ഷോ എന്ന നിര്‍മ്മാതാവിന്‍റെ ആവശ്യം കോടതി തള്ളി.
അജിത്ത് നായകനായ തുനിവ് എന്ന ചിത്രത്തിന്റെ റിലീസിനിടെ ഒരു ആരാധകൻ മരിച്ച സംഭവത്തെ തുടര്‍ന്നാണ് തമിഴ്‍നാട്ടില്‍ പുലര്‍ച്ചെയുള്ള ഷോകള്‍ക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
ചിത്രത്തിന് രാവിലെ 7 മണി ഷോ അനുവദിക്കുന്ന കാര്യം പരിഗണിക്കാന്‍ തമിഴ്നാട് സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. ഇതില്‍ സര്‍ക്കാറിന്‍റെ മറുപടിക്കായി നിര്‍മ്മാതാവ് എസ് എസ് ലളിത് കുമാര്‍ നല്‍കിയ ഹര്‍ജി കോടതി നാളെ പരിഗണിക്കും. ലിയോയ്ക്ക് ഏഴു മണി ഷോ നടക്കുമോ ഇല്ലയോ എന്ന കാര്യം നാളെ ആരാധകര്‍ക്ക് അറിയാന്‍ സാധിക്കും.
അതേ സമയം ചൊവ്വാഴ്ച വൈകീട്ട് എസ് എസ് ലളിത് കുമാറും, തമിഴ്നാട് തീയേറ്റര്‍ ഓണേഴ്സ് അസോസിയേഷന് ഭാരവാഹികളും തമിഴ്നാട് സര്‍ക്കാര്‍ വൃത്തങ്ങളുമായി കൂടികാഴ്ച നടത്തും . ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ നാളെ കോടതിയില്‍ മറുപടി നല്‍കുക.