‘കൊണ്ടോട്ടി മഹാകവി’ മോയിൻകുട്ടി വൈദ്യരുടെ പാട്ട് ഉൾപ്പെടുത്തിയ ‘കൊണ്ടോട്ടി പൂരം’ (Kondotty Pooram) തിയേറ്ററിൽ. വൈദ്യരുടെ ബദറുൽ മുനീർ ഹുസനുൽ ജമാലിലെ പൂമകളാണേ ഹുസനുൽ ജമാൽ എന്ന് തുടങ്ങുന്ന പാട്ടാണ് സിനിമയിലുള്ളത്. വൈദ്യരുടെ പാട്ട് ആദ്യമായാണ് പൂർണമായും സിനിമയിൽ വരുന്നത്. സൗദി പൗരൻ ഹാഷിം അബ്ബാസാണ് പ്രധാനവേഷം ചെയ്യുന്നത്. അഞ്ച് പാട്ടിൽ ഒന്ന് വൈദ്യർ അക്കാദമി വൈസ് ചെയർമാൻ പുലിക്കോട്ടിൽ ഹൈദരലി രചിച്ച് അക്കാദമി അംഗം കെ.വി. അബുട്ടി സംഗീതം നൽകിയിരിക്കുന്നു.
മലയാള സിനിമയിൽ ആദ്യമായി ഒരു അറബ് വംശജൻ നായകൻ ആകുന്ന ചിത്രം മജീദ് മാറഞ്ചേരി ആണ് കഥ, തിരക്കഥ, സംവിധാനം നിർവഹിച്ചിരിക്കുന്നത്. ടേക്ക് ഓഫ് സിനിമാസിന്റെ ബാനറിൽ സുധീർ പൂജപ്പുര, പൗലോസ് പി.കെ. എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സാവന്തിക, മാമുക്കോയ, ശിവജി ഗുരുവായൂർ, സുനിൽ സുഖദ, രുദ്രൻ, ബിഗ് ബോസ് താരം ഷിയാസ് കരീം, കോട്ടയം പ്രദീപ്, നേഹ സക്സേന, നിസാം കാലിക്കറ്റ്, ശ്രേയ രമേശ്, രാജ ലക്ഷ്മി, രുദ്ര, ശ്രീജിത്ത്, ഷുഹൈബ് എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രം തീയറ്ററുകളിലേക്കു എത്തിക്കുന്നത് തന്ത്ര മീഡിയ റിലീസാണ്.
ഫസൽ അഹമ്മദ് സൂറി എന്ന അറബിയെ മലപ്പുറത്ത് കൊണ്ടോട്ടിയിൽ വെച്ച് കാണാതാകുന്നു. ഇതേ തുടർന്ന് എൻഐഎയുടെ കമാൻഡോകൾ കൊണ്ടോട്ടിയിൽ എത്തുന്നു. കൊണ്ടോട്ടിയിലെ പ്രധാനിയാണ് രാമേട്ടൻ. അഹമ്മദ് സൂറി കഴിഞ്ഞ ഏതാനും ആഴ്ചകളായി രാമേട്ടന്റെ കൂടെ ഉണ്ടായിരുന്നു. എൻഐഎയിലെ ഉദ്യോഗസ്ഥർ രാമേട്ടനെയും മറ്റുള്ളവരെയും ചോദ്യം ചെയ്യുകയും അതെ തുടർന്ന് നടക്കുന്ന കാര്യങ്ങളും ആണ് സിനിമ ചർച്ച ചെയ്യുന്നത്. വൈറൽ വീഡിയോ ഗാനങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ ഹാഷിം അബ്ബാസ് എന്ന വിദേശ അറബിയാണ് അഹമ്മദ് സുറിയായി എത്തുന്നത്.
സലി മൊയ്‌ദീൻ, മധീഷ് എന്നിവരാണ് ഛായാഗ്രാഹകർ. എഡിറ്റർ സുഭാഷ്, സുഹൈൽ സുൽത്താൻ, പുലികൊട്ടിൽ ഹൈദരാലി, മൊയ്‌ൻകുട്ടി വൈദ്യർ ശ്രീജിത്ത് ചാപ്പയിൽ എന്നിവരുടെ വരികൾക്ക് സജിത്ത് ശങ്കർ, കെ വി അബൂട്ടി, അഷ്‌റഫ് മഞ്ചേരി,അനീഷ് പൂന്തോടൻ എന്നിവരാണ് ഈണം പകർന്നിരിക്കുന്നത്. പി ജയചന്ദ്രൻ, തീർത്ഥ സുരേഷ്, അനീഷ് പൂന്തോടൻ, അർജുൻ വി. അക്ഷയ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.