ഡൽഹിയിൽ നടക്കുന്ന ഒൻപതാമത് ജി20 പാർലമെന്ററി സ്‌പീക്കേഴ്‌സ് ഉച്ചകോടിയുടെ (പി20) ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് കൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രസംഗത്തിനിടെ 2001ൽ ഇന്ത്യൻ പാർലമെന്റിന് നേരെ നടന്ന ആക്രമണവും മോദി ഓർത്തെടുത്തു. “നമ്മുടെ പാർലമെന്റ് പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് തീവ്രവാദികൾക്ക് അറിയാമായിരുന്നു, അവർ അതിനെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു.” പ്രധാനമന്ത്രി പറഞ്ഞു.ഭീകരതയെ കുറിച്ചുള്ള നിർവചനത്തിൽ സമവായം കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഭീകരതയുടെ നിർവചനത്തിൽ സമവായം കൈവരിക്കാനാകാത്തത് ദുഃഖകരമാണ്, മനുഷ്യരാശിയുടെ ശത്രുക്കൾ ഈ സമീപനം മുതലെടുക്കുകയാണ്.
ഭീകരതയെ നേരിടാൻ നാം എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ലോകമെമ്പാടുമുള്ള പാർലമെന്റുകൾ ചിന്തിക്കണം” പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു.ഒരുമിച്ച് മുന്നേറേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, “ഇത് എല്ലാവരുടെയും വികസനത്തിനുള്ള സമയമാണ്” എന്നും വ്യക്തമാക്കി. “ഇന്ത്യ പതിറ്റാണ്ടുകളായി അതിർത്തി കടന്നുള്ള ഭീകരതയെ അഭിമുഖീകരിക്കുന്നു, തീവ്രവാദികൾ ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കി,” ഭീകരവാദം എത്ര വലിയ വെല്ലുവിളിയാണെന്ന് ലോകം ഇപ്പോൾ തിരിച്ചറിയുകയാണെന്നും അത് മനുഷ്യരാശിക്കെതിരാണെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.”ഇന്ന് ലോകം അഭിമുഖീകരിക്കുന്ന സംഘർഷങ്ങളും ഏറ്റുമുട്ടലുകളും ആർക്കും ഗുണം ചെയ്യുന്നില്ല. വിഭജിക്കപ്പെട്ട ലോകത്തിന് മനുഷ്യരാശിക്ക് മുന്നിലുള്ള വെല്ലുവിളികൾക്ക് പരിഹാരം നൽകാനും കഴിയില്ല.
” ഇപ്പോൾ നടക്കുന്ന ഇസ്രയേൽ-ഹമാസ് യുദ്ധത്തെക്കുറിച്ച് പരാമർശിച്ച് കൊണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി. “ആഗോള വിശ്വാസത്തിന്റെ വഴിയിലെ തടസ്സങ്ങൾ നീക്കം ചെയ്യുകയും മനുഷ്യ കേന്ദ്രീകൃത സമീപനവുമായി മുന്നോട്ട് പോകുകയും വേണം.” ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന കാഴ്‌ചപ്പാടോടെയാണ് നാം ലോകത്തെ നോക്കി കാണേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഗോള വെല്ലുവിളികളെ നേരിടാനുള്ള ഏറ്റവും നല്ല വഴിയാണ് ജനങ്ങളുടെ പങ്കാളിത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.