രാഷ്ട്രീയ കേരളം ഏറെ ആകാഷയോടെ ഉറ്റുനോക്കിയ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം നാളെ. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. വിപുലമായ ക്രമീകരണങ്ങളാണ് വോട്ടെണ്ണലിനായി ഏർപ്പെടുത്തിയിരിക്കുന്നത്. കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണൽ നടക്കുക.
ആകെയുള്ള 182 ബൂത്തുകളിലെ വോട്ടുകൾ, 20 മേശകളിലായാണ് എണ്ണുക. അതിൽ 14 മേശകളിൽ യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽവോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ് (ഇലക്‌ട്രോണിക്കലി ട്രാൻസ്‌മിറ്റഡ് പോസ്റ്റൽബാലറ്റ് സിസ്റ്റം) വോട്ടുകളും എണ്ണും. തപാൽവോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണിത്തുടങ്ങുക. ഇടിപിബിഎസ് വോട്ടുകളിലെ ക്യൂ ആർ കോഡ് സ്‌കാൻചെയ്‌ത് കൗണ്ടിങ് ഉദ്യോഗസ്ഥർക്ക് നൽകിയ ശേഷമായിരിക്കും വോട്ടെണ്ണൽ നടക്കുക. 13 റൗണ്ടുകളായി വോട്ടിങ് മെഷീനിലെ വോട്ടെണ്ണൽ പൂർത്തിയാക്കും.
മണ്ഡലത്തില്‍ 72.86 % പോളിംഗ് രേഖപ്പെടുത്തി. ആകെ 1,28,535 പേർ വോട്ട് ചെയ്തു. പുരുഷൻമാർ 64,078, സ്ത്രീകൾ 64,455, ട്രാൻസ്ജെൻഡർ 2, പോസ്റ്റൽ ബാലറ്റ് മുഖേന 2491 അസന്നിഹിത വോട്ടർമാർ എന്നിങ്ങനെയാണ് കണക്ക്. സർവീസ് വോട്ടർമാരുടെ എണ്ണം നാളെ അറിയാം. 2021ൽ 74.84% ആയിരുന്നു പോളിങ്. ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം 72.91% ആയിരുന്നു പോളിങ്.
വോട്ടെടുപ്പ് ദിവസം രാവിലെ മുതല്‍ കനത്ത പോളിംഗാണ് മണ്ഡലത്തില്‍ ഉടനീളം ദൃശ്യമായത്. പോളിംഗ് ബൂത്തുകളിലെ തിരക്ക് അവസാന മണിക്കൂറുകളിലേക്കും നീണ്ടതോടെ പലയിടത്തും പോളിംഗ് സമയം നീണ്ടു. ഏറ്റവുമൊടുവില്‍ മണര്‍കാട് 88 ബൂത്തിലെ വരിയില്‍ ഉണ്ടായിരുന്ന അവസാന വോട്ടറും വോട്ട് ചെയ്തതോടെയാണ് ഉപതിരഞ്ഞെടുപ്പ് അവസാനിച്ചത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 74. 84 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
എട്ടു പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി ആകെ ഒന്നേമുക്കാല്‍ ലക്ഷത്തിലേറെ വോട്ടര്‍മാരാണ് മണ്ഡലത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്താനുണ്ടായിരുന്നത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും, 4 ട്രാന്‍സ്‌ജെന്‍ഡറുകളും അടക്കം മണ്ഡലത്തില്‍ 1,76,417 വോട്ടര്‍മാരാണ് ഉമ്മന്‍ ചാണ്ടിയുടെ പകരക്കാരനായുളള വിധിയെഴുതിയത്.
അതിനിടെ, പോളിംഗ് വൈകിയതിനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ പരാതിയുമായി രംഗത്തെത്തിയിരുന്നു. 27ാം ബൂത്തില്‍ വോട്ടിംഗ് മന്ദഗതിയില്‍ ആണെന്ന് ചാണ്ടി ഉമ്മന്‍ ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ പ്രശ്‌നം ആരാഞ്ഞപ്പോള്‍ ഗുണ്ടകള്‍ വന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു. പലരും വോട്ട് ചെയ്യാതെ തിരിച്ചു പോയെന്നും സമാധാനപരമായി വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. സമയം കൂട്ടണം എന്ന് ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ല. പരാതി നല്‍കിയിട്ടും കൂടുതല്‍ മെഷീന്‍ അനുവദിച്ചില്ല. ഉദ്യോഗസ്ഥരെ മാത്രം കൂടുതലായി അനുവദിക്കുകയായിരുന്നു. അവരെ വിടുന്നത് 4 മണിക്ക് മാത്രമായിരുന്നു. എന്ത് കൊണ്ട് ഔക്‌സിലറി ബൂത്ത് അനുവദിച്ചില്ല. ഇങ്ങനെ വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ ആകാത്തത് ചരിത്രത്തില്‍ ആദ്യമാണ്. ആ ഗുണ്ടകള്‍ ആരാണ് എന്ന് പറയുന്നില്ലെന്നും എല്ലാവര്‍ക്കും അറിയാമെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. ചില ബൂത്തുകളില്‍ പോളിംഗ് വേഗത കുറഞ്ഞതില്‍ അന്വേഷണം വേണമെന്ന് ചാണ്ടി ഉമ്മന്‍ വരണാധികാരിയോട് ആവശ്യപ്പെട്ടിരുന്നു.