മമ്മൂട്ടി എന്നാൽ സിനിമാ പ്രേമികൾക്ക് അതൊരു വികാരമാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച്, ആരാധകരുടെ ഇടനെഞ്ചിൽ ഇടംപിടിച്ച മമ്മൂക്കയുടെ ജന്മദിനമാണ് ഇന്ന്. പ്രായം 72 ആയെങ്കിലും, മമ്മൂക്കയെ സംബന്ധിച്ച് അത് വെറും നമ്പർ മാത്രമാണ്. മലയാളികളുടെ മനസിൽ ഇന്നും പ്രായം കൂടാത്ത ഒരേയൊരു താരമാണ് പ്രിയപ്പെട്ട മമ്മൂക്ക.
1951 സെപ്റ്റംബർ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് മമ്മൂട്ടിയുടെ ജനനം. ഇസ്മയിൽ- ഫാത്തിമ ദമ്പതികളുടെ മൂത്തമകനായി ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളർന്നത്. പഠിക്കുന്ന കാലത്തും കലാകായിക രംഗങ്ങളിൽ സജീവമായിരുന്നു മമ്മൂട്ടി. കൊച്ചിയിലെ മഹാരാജാസ് കോളേജിൽ നിന്നാണ് മമ്മൂട്ടി ബിരുദം നേടിയത്. തുടർന്ന് എറണാകുളത്തുള്ള ഗവൺമെന്റ് ലോകോളേജിൽ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങിയ മമ്മൂട്ടി, മഞ്ചേരിയിൽ അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയർ അഭിഭാഷകനായി രണ്ടു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ മുഖം വെള്ളിത്തിരയിൽ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. ഇത്രയും കാലത്തിനിടയ്ക്ക് അദ്ദേഹം അവതരിപ്പിക്കാത്ത ഒരു കഥാപാത്രം, അദ്ദേഹം പകർത്താത്ത ഒരു ഭാവം, അദ്ദേഹം ജീവിക്കാത്ത ഒരു ജീവിതം, ഇതൊക്കെ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച ഒരു കൗമാരക്കാരനിൽ നിന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ കഥയാണ് മെഗാസ്റ്റാറിന് പറയാനുള്ളത്.