കൊച്ചി: പ്രേക്ഷകരും ആരാധകരും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളിയുടെ പക്കാ ഫാമിലി എൻ്റർടൈനർ റോളുമായി എത്തുന്ന ഹനീഫ് അദേനി ചിത്രം ‘രാമചന്ദ്രബോസ് & കോ’ ഓണം റിലീസായി തീയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുകയാണ്. ആഗസ്റ്റ് 25നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൻ്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതാണ് ട്രെയിലർ.
ചിരികളാൽ സമ്പന്നമായ ഒരു കൊളളയുടെയും കൊള്ളക്കാരൻ്റെയും കഥയാണ് ചിത്രം പറയുന്നത്. ഏറെ രസകരവും സ്റ്റൈലിഷുമായ രംഗങ്ങൾ ട്രെയിലറിൽ ഏറെയുണ്ട്. ഇപ്പോഴിതാ നിവിൻ പോളി ഫാൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഒരുക്കിയ ഭീമാകാരമായ പൂക്കളം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. കൊച്ചി അഞ്ചുമന ക്ഷേത്രത്തിൻ്റെ ഓഡിറ്റോറിയത്തിലാണ് 50 അടി നീളവും 25 അടി വീതിയുമുള്ള വമ്പൻ പൂക്കളം തീർത്തിരിക്കുന്നത്.
നിവിൻ പോളിയുടെ ചിത്രമാണ് പൂക്കളത്തിൽ ഒരുക്കിയിരിക്കുന്നത്. പൂക്കളം നേരിട്ട് കാണുവാൻ നിവിൻ പോളിയും അവിടെ സന്നിഹിതനായിരുന്നു. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിക്കുന്നത്.