യുഎസ് ഓപ്പണിന് ശേഷം വിരമിക്കുമെന്ന് ജോൺ ഇസ്നർ

0
67

ടെന്നീസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരത്തിൽ വിജയിച്ച അമേരിക്കൻ താരം ജോൺ ഇസ്‌നർ പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ന്യൂയോർക്കിൽ നടക്കുന്ന യുഎസ് ഓപ്പണിന് ശേഷം വിരമിക്കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് ജോണിൻ്റെ വിരമിക്കൽ പ്രഖ്യാപനം.

17 വർഷത്തിലധികം നീണ്ട കരിയറിന് ശേഷമാണ് 38 കാരനായ ജോൺ ഇസ്നർ വിരമിക്കുന്നത്. ‘പ്രൊഫഷണൽ ടെന്നീസിനോട് വിടപറയാൻ നേരമായി. ഈ മാറ്റം എളുപ്പമായിരിക്കില്ല, യൂസ് ഓപ്പണായിരിക്കും എൻ്റെ അവസാന ഇവന്റ്’ – കുടുംബത്തോടൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ഇസ്നർ കുറിച്ചു. 2010 ലെ വിംബിൾഡൺ ചാമ്പ്യൻഷിപ്പിലാണ് ടെന്നീസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരം നടന്നത്.

മൂന്ന്‌ ദിവസം നീണ്ട ഐതിഹാസിക പോരാട്ടത്തിനൊടുവിൽ 6-4, 3-6, 6-7 (7/9), 7-6 (7/3), 70-68 എന്ന സ്കോറിന് ഫ്രാൻസിന്റെ നിക്കോളാസ് മഹുവിനെ പരാജയപ്പെടുത്തിയാണ് ഇസ്നർ ലോക ടെന്നീസിൽ വ്യക്തിമുദ്ര പതിപ്പിച്ചത്. എടിപി ടൂർ റെക്കോർഡായ 14,411 എയ്സുകൾ പായിച്ച ഒരേയൊരു വ്യക്തിയാണ് ഇസ്നർ. 16 എടിപി സിംഗിൾസ് കിരീടങ്ങളും എട്ട് ഡബിൾസ് കിരീടങ്ങളും ഇസ്നർ നേടിയിട്ടുണ്ട്. 2011ലും 2018ലും ഫ്ലഷിംഗ് മെഡോസിൽ ക്വാർട്ടർ ഫൈനലിസ്റ്റായിരുന്നു.

2018-ൽ റാങ്കിംഗിൽ 8-ാം സ്ഥാനത്തെത്തി. വിംബിൾഡണിൽ സെമിഫൈനലിലെത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു നേട്ടം. ഇസ്നറിൻ്റെ കരിയർ-ബെസ്റ്റാണിത്. യുഎസ് ഡേവിസ് കപ്പിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര ടൂർണമെന്റിൽ 18 മത്സരങ്ങളിൽ നിന്ന് 15 സിംഗിൾസ് വിജയങ്ങളും രണ്ട് ഡബിൾസ് വിജയങ്ങളും അദ്ദേഹം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ രണ്ട് എടിപി സിംഗിൾസ് വിജയങ്ങൾ ഒഴികെ ബാക്കിയെല്ലാം യുണൈറ്റഡ് സ്റ്റേറ്റ്സിൽ നേടിയതാണ്. അറ്റ്ലാന്റയിൽ ആറും ന്യൂപോർട്ടിൽ നാലും കിരീടങ്ങൾ നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here