തിരുവനന്തപുരം: വലതുപക്ഷ തീവ്രവാദികളുടേയും അവരുടെ സര്‍ക്കാരിന്റെയും രീതിയല്ല ഇടതുപക്ഷ സര്‍ക്കാര്‍ മാവോയിസ്റ്റുകളെ നേരിടേണ്ടതെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. മാവോയിസത്തിന്റെ രാഷ്ട്രീയ കാരണങ്ങള്‍ കണ്ടെത്തി പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പൊതു ജീവിതത്തെ തടയുന്ന തരം മാവോയിസ്റ്റ് ഭീഷണിയൊന്നും കേരളത്തിലില്ല. കേരളത്തില്‍ ശക്തമായ മാവോയിസ്റ്റ് ഭീഷണിയുണ്ടായ കാലത്ത് അതിനെ ഇല്ലാതാക്കിയത് തണ്ടര്‍ ബോള്‍ട്ട് വന്നിട്ടല്ല. മാവോയിസ്റ്റ് രാഷ്ട്രീയത്തിന്റെ അല്ലെങ്കില്‍ എക്സ്ട്രിമിസ്റ്റ് രാഷ്ട്രീയത്തിന്റെ കഥയില്ലായ്മ ജനങ്ങള്‍ക്ക് മനസിലാവുകയും അതിനെ ഒറ്റപ്പെടുത്തുകയുമായിരുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.മാവോയിസം തെറ്റാണെന്നതുകൊണ്ടു മാത്രം വെടിവച്ച് കൊല്ലുന്നതിനെ പിന്തുണയ്ക്കാനാവില്ല. മാവോയിസ്റ്റുകള്‍ ഉന്നയിക്കുന്നത് സാമ്ബത്തികവും സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളാണ്. അതിന് പരിഹാരം തോക്കല്ല. വയനാട്ടിലേത് ഏകപക്ഷീയമായ വെടിവയ്പ്പാണ് ഉണ്ടായതെന്നും മജിസ്റ്റീരിയല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.