തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജയാവകാശവാദവുമായി മുന്നണികള്‍ രംഗത്തെത്തി. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തൂത്തുവാരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.എല്‍ഡിഎഫ് സമ്ബൂര്‍ണ തകര്‍ച്ചയിലാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്. തെരഞ്ഞെടുപ്പ് വിജയത്തിനും അഴിമതിക്കും എല്‍ഡിഎഫ് ആരോടും കൂട്ടുചേരുമെന്നും ചെന്നിത്തല പരിഹസിച്ചു.
വോട്ടര്‍പട്ടിക കുറ്റമറ്റതല്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.പുതുക്കിയ വോട്ടര്‍പട്ടികയില്‍ നിരവധി ക്രമക്കേടുകളുണ്ട്. കോണ്‍ഗ്രസ് ജനശക്തി പ്രോഗ്രാമിലൂടെ നിലവിലെ വോട്ടര്‍പട്ടികയില്‍ 55000 ഇരട്ടവോട്ടുകള്‍ കണ്ടെത്തി. തുസംബന്ധിച്ച വ്യക്തമായ രേഖകള്‍ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് പൂര്‍ണ്ണ സജ്ജമാണ്.ഒരു തരത്തിലുള്ള അച്ചടക്ക ലംഘനങ്ങളും അനുവദിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
എല്‍ഡിഎഫ് വന്‍ വിജയം നേടും: എ.വിജയരാഘവന്‍
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ വികസന പ്രവര്‍ത്തനങ്ങളും തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കിയ പധതികളും വലിയ മാറ്റങ്ങളാണ് നാട്ടിലുണ്ടാക്കിയത്. തുകൊണ്ടു തന്നെഎല്‍ഡിഎഫിന് വലിയ വിജയം ഉണ്ടാകും.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കും. ഭൂരിപക്ഷം സ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ ആയി കഴിഞ്ഞിട്ടുണ്ട്. യുഡിഎഫ് വിശുദ്ധ കൂട്ടുകെട്ടിനെ ജനം തിരസ്‌കരിക്കും. യുഡിഎഫിന് വലിയ തിരിച്ചടിയുണ്ടാകുമെന്നും വിജയ രാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു
എന്‍ഡിഎ വന്മുന്നേറ്റം നടത്തും: ബിജെപി
തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മുന്നണി സംസ്ഥാനത്ത് വന്മുന്നേറ്റം നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഏറ്റവും കൂടുതല്‍ സീറ്റ് നേടുന്ന മുന്നണി ദേശീയ ജനാധിപത്യ സഖ്യമായിരിക്കുമെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. ഇടത് വലത് മുന്നണികള്‍ ജനങ്ങള്‍ക്കിടയില്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു കഴിഞ്ഞു. സ്വര്‍ണ്ണക്കടത്ത് എല്‍ഡിഎഫിന് വലിയ തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. യു.ഡിഫിന്റെ വിശ്വാസത പൂര്‍ണ്ണമായും തകര്‍ന്നു കഴിഞ്ഞു. ഇടതുമുന്നണിയും വലതു മുന്നണിയും ഒരുപോലെയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി. എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയവും സീറ്റ് വിഭജനവും പൂര്‍ത്തിയാക്കി കഴിഞ്ഞു.തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. എന്‍.ഡി.എ വന്നാല്‍ ചെയ്യുന്ന കാര്യങ്ങള്‍ അടങ്ങിയ വികസന രേഖയും ഉണ്ടാക്കി കഴിഞ്ഞു. മുമ്ബെങ്ങും ഇല്ലാത്ത തരത്തിലുള്ള വലിയ പ്രചരണമാണ് ദേശീയ ജനാധിപത്യസഖ്യം നടത്തുകയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് മൂന്നുഘട്ടങ്ങളിലായി
കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് മൂന്നുഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഡിസംബര്‍ എട്ട്, 10, 14 തീയതികളില്‍ തെരഞ്ഞെടുപ്പ് നടക്കും. 16-നാണ് വോട്ടെണ്ണല്‍.ഡിസംബര്‍ എട്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും 10ന് കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലും 14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും പോളിങ് നടക്കും.രാവിലെ എഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്. കോവിഡ് മാനദണ്ഡം പൂര്‍ണമായും പാലിച്ചാകും തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 12ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരുമെന്നും കമ്മീഷന്‍ അറിയിച്ചു.
ഡിസംബര്‍ 25ന് മുന്‍പായി പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കണം. നവംബര്‍ 19 വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. നവംബര്‍ 23 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്നും ക്രമസമാധാനം ഉറപ്പാക്കാന്‍ പൊലീസ് തയാറാണെന്ന് ഡിജിപി ഉറപ്പ് നല്‍കിയെന്നും കമ്മീഷന്‍ അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ വിവിധ രാഷ്ട്രിയ പാര്‍ട്ടികളുമായി കമ്മീഷന്‍ ചര്‍ച്ച നടത്തിയിരുന്നു.
തെരഞ്ഞെടുപ്പിനുള്ള അന്തിമവോട്ടര്‍പട്ടിക ഒക്ടോബര്‍ ഒന്നിന് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 2.72 കോടി വോട്ടര്‍മാരുണ്ട്. ഇതില്‍ 1.29 കോടി പുരുഷന്മാരും 1.41 സ്ത്രീകളുമാണുള്ളത്. 282 ട്രാന്‍സ്ജെന്‍ഡേഴ്സും വോട്ടര്‍ പട്ടികയിലുണ്ട്.പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിക്കാത്തവര്‍ക്ക് ഒക്ടോബര്‍ 27 മുതല്‍ നാല് ദിവസം കൂടി അവസരം നല്‍കിയിരുന്നു. ഇവരെക്കൂടി ഉള്‍പ്പെടുത്തി നവംബര്‍ 10ന് പുതുക്കിയ വോട്ടര്‍ പട്ടി പ്രഖ്യാപിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.
കോവിഡ് പോസിറ്റിവായവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സാധിക്കും. പോളിങ് സ്റ്റേഷനുകളില്‍ ബ്രേക്ക് ദ ചെയിന്‍ പോളിസി നടപ്പിലാക്കും.941 ഗ്രാമപഞ്ചായത്തുകള്‍, 151 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുന്‍സിപ്പാലിറ്റികള്‍, ആറ് കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലേക്കാണ് മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്നത്.