ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാൽ സഹിക്കുമോയെന്ന് നടി അനുശ്രീ. പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി. സ്പീക്കർ എ.എൻ.ഷംസീറിന്റെ ‘മിത്ത്’ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് അനുശ്രീയുടെ പ്രതികരണം.
ആരോ എവിടെയോ ഇരുന്ന് പറയുന്നു ഗണപതി ഒക്കെ കെട്ടുകഥയാണ്, ഗണപതി ഒക്കെ മിത്താണ്. നമ്മൾ സഹിക്കുമോ?. സഹിക്കില്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറഞ്ഞതുപോലെ തന്റെ പ്രതിഷേധം, പ്രതികരണം അറിയിക്കാനുള്ള ഒരു സദസ്സായി, ഗണപതി എനിക്ക് അനുഗ്രഹിച്ചുതന്ന സദസ്സായി ഈ സദസ്സിനെ കാണുന്നു. ക്ഷണം ചോദിച്ചാണ് ഇങ്ങോട്ടു വന്നത്. ആദ്യമായിട്ടാണ് അങ്ങോട്ട് ക്ഷണം ചോദിച്ച് ഒരു പരിപാടിയിൽ പങ്കെടുക്കുന്നതെന്നും അനുശ്രീ പറഞ്ഞു.
“എല്ലാവർക്കും ഒരു വിചാരമുണ്ട് നമുക്ക് നട്ടെല്ലിന് ബലം കുറവുണ്ടെന്ന്. അങ്ങനെയുണ്ടോ? പ്രതികരിക്കണമെന്ന് എനിക്ക് തോന്നിയ സദസാണിത്. ഇത്രയും പേർക്ക് ഇവിടെ വരാമെങ്കിൽ വിശ്വാസികൾക്ക് നട്ടെല്ലുണ്ടെന്നാണ് നമ്മൾ പലർക്കും കാണിച്ചുകൊടുക്കുന്നത്. ഒരു വർഗീയവാദവുമല്ല ഞാൻ സംസാരിക്കുന്നത്. രാഷ്ട്രീയപരമായ കാര്യവുമല്ല സംസാരിക്കുന്നത്.” അനുശ്രീ കൂട്ടിച്ചേർത്തു.
എ.എൻ. ഷംസീറിന്റെ വിവാദമായ മിത്ത് പരാമർശവുമായി ബന്ധപ്പെട്ട് ചലച്ചിത്രമേഖലയിൽ നിന്ന് നിരവധി പ്രതികരണങ്ങൾ നേരത്തേ വന്നിരുന്നു. ഈ വിഷയത്തിൽ നടൻ ഉണ്ണി മുകുന്ദന്റെ പ്രസ്താവന വന്നതിന് തൊട്ടുപിന്നാലെയാണ് അനുശ്രീയുടെ പ്രതികരണവും വന്നത്. ഇന്ന് ഗണപതി മിത്താണെന്നു പറയുന്നവർ നാളെ കൃഷ്ണനും ശിവനും പിന്നെ നമ്മളും മിത്താണെന്നു പറയുമെന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. ആര് ആർക്കുവേണ്ടിയാണ് ഇതു പറയുന്നതെന്നു മനസ്സിലാക്കണം. വിഷമമുണ്ടായി എന്ന് ഉറക്കെ പറയാനെങ്കിലും തയ്യാറാകണം. ഇല്ലെങ്കിൽ നമ്മൾ നടത്തുന്ന ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും അർഥമില്ലാതാകും. ജീവിതദുഃഖങ്ങൾ തരണംചെയ്യാനുള്ള ആശ്രയമാണ് ദൈവമെന്ന് അറിയാത്തവരില്ല. മര്യാദയുടെ പേരിലെങ്കിലും ദൈവങ്ങൾക്കുവേണ്ടി സംസാരിക്കാൻ മടിക്കരുത്. അതിന് ചങ്കൂറ്റത്തിന്റെ ആവശ്യമില്ലെന്നുമാണ് ഉണ്ണി പറഞ്ഞത്.