യുട്യൂബ് വ്‌ളോഗറിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി; നടന്‍ ബാലയ്ക്കെതിരെ കേസ്.

0
83

നടന്‍ ബാലക്കെതിരെ പൊലീസ് കേസ്. ചെകുത്താന്‍ എന്ന പേരില്‍ വീഡിയോകള്‍ ചെയ്യുന്ന യുട്യൂബര്‍ അജു അലക്‌സിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ആണ് പരാതിക്കാന്‍. സംഭവത്തില്‍ ബാലക്കെതിരെയും കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.

തൃക്കാക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. വീടിന് അകത്ത് അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകിട്ട് ആറു മണിക്കായിരുന്നു സംഭവം.

ബാലയെക്കുറിച്ചും മറ്റ് നിരവധി പേരെയും ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയതില്‍ പ്രതിഷേധിക്കാനാണ് ഫ്‌ളാറ്റിലെത്തിയതെന്ന് ബാല സംഭവം വിശദീകരിച്ച് രംഗത്തെത്തി. അജു അലക്‌സ് വീഡിയോകളില്‍ ഉപയോഗിക്കുന്ന മോശം ഭാഷയ്‌ക്കെതിരായ തന്റെ പ്രതികരണമാണ് ഇതെന്നാണ് ബാല പറയുന്നത്. അജുവിന്റെ മുറിയില്‍ എത്തിയ തന്റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ ബാല പങ്കുവച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ പോകും എന്ന് അറിഞ്ഞ് തന്നെയാണ് വീഡിയോ എടുത്തതെന്ന് ബാല പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ ആറാട്ട് അണ്ണന്‍ എന്നു വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയെയും കൊണ്ടാണ് ബാലയും മൂന്നു പേരും ഫ്‌ളാറ്റില്‍ എത്തിയതെന്ന് അജു അലക്‌സ് പറയുന്നു. സംഭവത്തില്‍ ബാലയെ കണ്ട് മൊഴി രേഖപ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here