സംസ്ഥാന ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് പുരസ്‌കാര നിർണ്ണയത്തിൽ ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ ലിജേഷ് മുല്ലേഴത്ത് നൽകിയ അപ്പീലാണ് തള്ളിയത്. ആരോപണത്തിന് തെളിവില്ലെന്ന് ചീഫ് ജസ്റ്റിസ് ആശിഷ് ദേശായി അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
‘ആകാശത്തിന് താഴെ’ സിനിമയുടെ നിർമ്മാതാവിന് പരാതിയില്ല. ജൂറി അംഗങ്ങൾ പരാതിക്കാരെ പിന്തുണച്ചിട്ടില്ലെന്നും ഹർജിയിൽ കഴമ്പില്ലെന്നും നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് ശരിവെയ്ക്കുകയായിരുന്നു. പുരസ്‌കാര നിർണ്ണയത്തിൽ ക്രമക്കേട് നടന്നതിന് മതിയായ തെളിവുകൾ ഇല്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.
പുരസ്‌കാര നിർണ്ണയത്തിലെ സ്വജനപക്ഷപാതത്തിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് ആകാശത്തിന് താഴെ എന്ന ചിത്രത്തിന്റെ സംവിധായകനായ ലിജീഷ് നൽകിയ പരാതിയാണ് സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയത്. ഈ വിധി ചോദ്യം ചെയ്ത് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെട്ടുവെന്ന് ലിജീഷ് പറയുന്നു.
രഞ്ജിത്ത് ചെയർമാൻ സ്ഥാനം ദുരുപയോഗം ചെയ്തതിനും ജൂറി അംഗങ്ങളെ സ്വാധീനിച്ചതിനും മതിയായ തെളിവുകൾ ഇല്ലെന്ന് അറിയിച്ചാണ് സിംഗിൾ ബെഞ്ച്് ഹർജി തള്ളിയത്. പുരസ്‌കാര നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടുവെന്ന് ആരോപണം ഉയർന്നിരുന്നു. സംവിധായകൻ വിനയനാണ് ആദ്യം രഞ്ജിത്തിനെതിരേ രംഗത്തെത്തിയത്. ജൂറി അംഗങ്ങളായ ജൻസി ഗ്രിഗറി, നേമം പുഷ്പരാജ് എന്നിവർ ആരോപണത്തെ ശരിവയ്ക്കുന്ന തരത്തിൽ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ലിജീഷ് ഹർജിയുമായി കോടതിയെ സമീപിച്ചത്.