ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മണ്ണിടിച്ചിലും;

0
86

ഹിമാചൽ പ്രദേശിലെ മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും മരണപ്പെട്ടവരുടെ എണ്ണം 50 കടന്നു. സോളനിലെ കാണ്ഡഘട്ട് ജാഡോണ്‍ ഗ്രാമത്തിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ നിരവധി വീടുകൾ ഒഴുകിപ്പോയതായാണ് വിവരം.

അടുത്ത രണ്ടു ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഉത്തരാഖണ്ഡിലെ ആറു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഹിമാചൽ, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, സിക്കിം എന്നിവിടങ്ങളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മണ്ണിടിച്ചിലിനെ തുടർന്ന് മൂന്ന് പേർ മരിക്കുകയും 10 പേരെ കാണാതാവുകയും ചെയ്ത സാഹചര്യത്തിൽ ഉത്തരാഖണ്ഡിൽ ചാർധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു. തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള ദേശീയ പാതകളും തടസ്സപ്പെട്ടിരിക്കുകയാണ്.

 

മേഘവിസ്ഫോടനത്തെ തുടർന്ന് ഹിമാചൽ പ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിൽ 50 പേരാണ് മരിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു. ആർമി, എസ്ഡിആർഎഫ്, എൻഡിആർഎഫ്, ഐടിബിപി, പൊലീസ് തുടങ്ങി എല്ലാ സേനകളും ഹിമാചലിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ഓഗസ്റ്റ് 18 വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാണിച്ച് കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

ഷിംലയിലുണ്ടായ മണ്ണിടിച്ചിലിൽ ശിവക്ഷേത്രം തകർന്ന് വൻ അപകടമുണ്ടായി. ഇതുവരെ 14 മൃതദേഹങ്ങളാണ് പുറത്തെടുത്തത്. കൂടുതൽ പേർ മണ്ണിനടിയിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. വിശുദ്ധ മാസമായ സാവൻ മാസത്തിലെ വിശിഷ്ട ദിനത്തിൽ പ്രത്യേക പ്രാർത്ഥനകൾ അർപ്പിക്കാൻ നിരവധി പേർ ക്ഷേത്രത്തിലെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here