മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ പേര് നേര് എന്നാണ്. ശാന്തി മായാദേവിയും ജീത്തു ജോസഫം ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവ്വഹിക്കുന്നത്. സതീഷ് കുറിപ്പാണ് ഡിഒപി.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന 33-ാമത്തെ ചിത്രമാണ് നേര്. ഇതിന്റെ ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിക്കുമെന്നും പ്രാർത്ഥനകൾ ഉണ്ടാകണമെന്നും ആന്റണി പെരുമ്പാവൂർ നേരത്തെ അറിയിച്ചിരുന്നു.
അതേസമയം ‘നേര്’ ദൃശ്യം 3 യോ റാം ഫ്രാഞ്ചൈസിയിൽപ്പെട്ട ചിത്രമോ അല്ലെന്നും മറിച്ച് മറ്റൊരു ചിത്രമാണെന്നുമാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. മോഹൻലാലിനെ തന്നെ നായകനാക്കിയിട്ടുള്ള റാം പൂർത്തിയാകുന്നതിനിടെയാണ് പുതിയ ചിത്രം ഒരുക്കുന്നത്. ജയ്‌ലറാണ് ഒടുവിൽ തീയേറ്ററുകളിൽ എത്തിയ മോഹൻലാൽ ചിത്രം.