പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റിനെതിരെ പരാതി നല്‍കി ബിജെപി

0
81

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റിനെതിരെ പരാതി നല്‍കി മധ്യപ്രദേശ് ബിജെപി. സംസ്ഥാന സര്‍ക്കാര്‍ അഴിമതിയില്‍ ഏര്‍പ്പെടുന്നുവെന്ന് ആരോപിച്ചുള്ള പ്രിയങ്കയുടെ ട്വീറ്റാണ് ബിജെപി നേതാക്കളെ ചൊടിപ്പിച്ചത്.  സംസ്ഥാനത്തെ കരാറുകാര്‍ 50 ശതമാനം കമ്മീഷന്‍ നല്‍കാന്‍ നിര്‍ബന്ധിതരാണെന്ന് അവകാശപ്പെടുന്ന വ്യാജ കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രിയങ്ക വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതെന്ന് പാര്‍ട്ടി ആരോപിച്ചു.

മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗും മറ്റ് ബിജെപി എംഎല്‍എമാരും ചേര്‍ന്നാണ് ഭോപ്പാലിലെ ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയത്. പ്രിയങ്ക ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എഫ്ഐആര്‍ ആവശ്യപ്പെട്ട് ഇന്‍ഡോറിലെ സന്യോഗിത ഗഞ്ച് പോലീസ് സ്റ്റേഷനില്‍ മറ്റൊരു പരാതിയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 50 ശതമാനം കമ്മീഷന്‍ നല്‍കിയതിന് ശേഷം മാത്രമാണ് കരാറുകാര്‍ക്ക് പണം ലഭിക്കുന്നതെന്ന് പ്രിയങ്ക ആരോപിച്ചിരുന്നു. കമ്മീഷന്‍ ആവശ്യപ്പെട്ട് കരാറുകാരുടെ യൂണിയന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.

’50 ശതമാനം കമ്മീഷനുള്ള ബിജെപി സര്‍ക്കാരിനെ മധ്യപ്രദേശിലെ ജനങ്ങള്‍ നീക്കം ചെയ്യും. കര്‍ണാടകയിലെ അഴിമതിയില്‍ മുങ്ങിയ ബി.ജെ.പി സര്‍ക്കാര്‍ 40 ശതമാനം കമ്മീഷന്‍ പിരിച്ചെടുത്തിരുന്നു. അഴിമതിയുടെ സ്വന്തം റെക്കോര്‍ഡ് തകര്‍ത്താണ് മധ്യപ്രദേശില്‍ ബിജെപി മുന്നേറിയത്. 40 ശതമാനം കമ്മീഷനുമായി കര്‍ണാടകയിലെ ജനങ്ങള്‍ സര്‍ക്കാരിനെ പുറത്താക്കി, ഇപ്പോള്‍ മധ്യപ്രദേശിലെ ജനങ്ങള്‍ 50 ശതമാനം കമ്മീഷനുള്ള ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കും, ‘ പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

ജ്ഞാനേന്ദ്ര അവസ്തി എന്നയാളുടെ ഒപ്പിട്ട കത്ത് വൈറലായതോടെയാണ് 50 ശതമാനം കമ്മീഷന്‍ സംസ്ഥാനത്ത് ചര്‍ച്ചാവിഷയമായത്. പ്രധാന കരാറുകാര്‍ക്ക് 50 ശതമാനം കമ്മീഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കരാര്‍ അനുവദിച്ചെന്നായിരുന്നു ആരോപണം. ഇത് വ്യാജ കത്താണെന്ന് വിശേഷിപ്പിച്ച മധ്യപ്രദേശ് ബിജെപി അധ്യക്ഷന്‍ വി ഡി ശര്‍മ്മ പ്രിയങ്കയ്ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

‘ഒരു തെറ്റായ കത്തിന്റെ അടിസ്ഥാനത്തില്‍ മധ്യപ്രദേശിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു. നേരത്തെ അവരുടെ സഹോദരന്‍ കള്ളം പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചിരുന്നു. ഇപ്പോള്‍ പ്രിയങ്ക നുണകള്‍ പ്രചരിപ്പിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളുടെ ഈ നടപടിക്കെതിരെ ബിജെപി നിയമനടപടി സ്വീകരിക്കും,’ ശര്‍മ്മ പറഞ്ഞു.

പ്രിയങ്ക ഗാന്ധി, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്, മുന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (പിസിസി) അധ്യക്ഷന്‍ അരുണ്‍ യാദവ് എന്നിവര്‍ക്കെതിരെയാണ് തങ്ങള്‍ പരാതി നല്‍കിയതെന്ന് ഇന്‍ഡോറിലെ ബിജെപിയുടെ നിയമ വിഭാഗം കോര്‍ഡിനേറ്റര്‍ നിമേഷ് പതക് പറഞ്ഞു. ‘മധ്യപ്രദേശ് സര്‍ക്കാര്‍ കരാറുകാരനില്‍ നിന്ന് 50 ശതമാനം കമ്മീഷന്‍ വാങ്ങിയെന്ന് ആരോപിച്ച് ജ്ഞാനേന്ദ്ര അവസ്തിയുടെ പേരില്‍ എഴുതിയ കത്ത് ജൂലൈ 25 ന് കോണ്‍ഗ്രസ് പാര്‍ട്ടി വൈറലായിരുന്നു. ഞങ്ങളുടെ അന്വേഷണത്തില്‍, ജ്ഞാനേന്ദ്ര അവസ്തി എന്ന പേരില്‍ കരാറുകാരനില്ലെന്ന് വ്യക്തമായി,’പഥക് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here