പുതുച്ചേരി: തൊണ്ടിമുതലായി പിടികൂടിയ പോരുകോഴികൾ അഞ്ചു ദിവസമായി ലോക്കപ്പിൽ. പുതുച്ചേരി മുലയാർപേട്ട് പൊലീസ് സ്റ്റേഷനിലാണ് നാലു പോരുകോഴികൾ ലോക്കപ്പിൽ കഴിയുന്നത്. പൊങ്കൽ ആഘോഷത്തിനിടെ പണപ്പന്തയം വച്ച് കോഴിപ്പോര് നടക്കുന്നുവെന്ന വിവരം കിട്ടി എത്തിയ പുതുച്ചേരി പൊലീസ് കസ്റ്റഡിയിലെടുത്ത തൊണ്ടിമുതലുകളാണിവ.
സംഭവത്തിൽ പ്രതികളെ പിടികൂടിയെങ്കിലും ഇവർക്ക് ജാമ്യം കിട്ടിയതോടെ കോഴികളുടെ ചുമതല പൊലീസിന്റെ തലയിലായി. തിലകർ നഗർ നിവാസികളായ ചിന്നത്തമ്പി, പ്രതാപ് എന്നിവരുടെ നേതൃത്വത്തിലാണ് നിയമവിരുദ്ധമായ കോഴിപ്പോര് സംഘടിപ്പിച്ചിരുന്നത്. ചിന്നത്തമ്പിയേയും പ്രതാപിനേയും അറസ്റ്റ് ചെയ്ത പൊലീസ് നാല് പോരുകോഴികളേയും കസ്റ്റഡിയിലെടുത്തു.
ചിന്നത്തമ്പിയേയും പ്രതാപിനേയും അറസ്റ്റ് ചെയ്ത പൊലീസ് നാല് പോരുകോഴികളേയും കസ്റ്റഡിയിലെടുത്തു. എന്നാല്‍ പോരുകോഴികൾ തൊണ്ടിമുതലായതിനാൽ തിരികെ കൊടുക്കാനാകില്ല. കഴിഞ്ഞ അഞ്ച് ദിവസമായി മുതലിയാർപേട്ട് സ്റ്റേഷൻ മുറ്റത്ത് സ്ഥാപിച്ച കൂടുകളിലാണ് ഇവർ. ജാവ, കലിവ, കതിർ, യഗത്ത് എന്നിങ്ങനെയാണ് കോഴികളുടെ പേര്.
പോരിൽ കാണിക്കുന്ന ശൗര്യം അനുസരിച്ച് പതിനായിരം മുതൽ ഒരു ലക്ഷം വരെ പോരുകോഴികളുടെ വിലവരും. ഏതായാലും കേസിനൊരു തീർപ്പാകുന്നതു വരെയോ അല്ലെങ്കിൽ നിയമപ്രകാരം ലേലം ചെയ്ത് വിൽക്കുന്നതുവരെ ഇവയെ പരിപാലിക്കുക പൊലീസുകാരുടെ ഉത്തരവാദിത്തമാണ്. കാലിത്തീറ്റയാണ് നിലവിൽ തീറ്റയായി കൊടുക്കുന്നതെന്ന് പൊലീസുകാർ പറഞ്ഞു.