ഇന്ത്യന്‍ വാഹന വിപണിയിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളാണ് ടാറ്റ. ഇപ്പോള്‍ വില്‍പന വര്‍ധിപ്പിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ് കമ്പനി. ഇതിനായി ഇലക്ട്രിക് കാറുകള്‍ വില്‍ക്കാന്‍ മാത്രമായി പ്രത്യേക ഷോറൂമുകളും സര്‍വീസ് സെന്ററുകളും സ്ഥാപിക്കാനൊരുങ്ങുകയാണ് ടാറ്റ.
നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ വില്‍ക്കുന്ന ബ്രാന്‍ഡാണ് ടാറ്റ. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മൊത്തം 19,000 ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റ വിറ്റഴിച്ചത്. ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലേക്കും ഇലക്ട്രിക് കാറുകളുടെ വില്‍പ്പന വ്യാപിപ്പിക്കാനാണ് ടാറ്റ ഇപ്പോള്‍ ലക്ഷ്യമിടുകയാണ്. ടാറ്റയുടെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ ടിയാഗോ ഇവിയാണ്. ഇതുവരെ മൊത്തം ഇവി വില്‍പ്പനയുടെ 49% ടോപ് 20 നഗരങ്ങളിലാണ്.
ഇലക്ട്രിക് വാഹനങ്ങളോടുള്ള ജനപ്രീയത മൈക്രോ മാര്‍ക്കറ്റിലേക്ക് നീങ്ങാനാണ് ടാറ്റയുടെ തീരുമാനം. ഇതിനായാണ് ഇവികള്‍ക്കായി പ്രത്യേക ഷോറൂമും സര്‍വീസ് സെന്ററും സ്ഥാപിക്കാന്‍ ടാറ്റ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉണ്ടായേക്കും.
ടാറ്റ ഇത്തരത്തില്‍ ഇവികള്‍ക്ക് മാത്രമായി ഷോറൂമുകളും സര്‍വീസ് സെന്ററുകളും തുടങ്ങിയാല്‍ ഇലക്ട്രിക് വാഹനവിപണിയില്‍ പുതിയ തരംഗം സൃഷ്ടിക്കുകയും വിപണിയിലെ മത്സരം കൂടുതല്‍ കടുക്കുമെന്നും ഉറപ്പാണ്.