അപകീര്‍ത്തി കേസില്‍ സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി വന്നതിന് പിന്നാലെ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി. ആർജെഡി എംപി മിസാ ഭാരതിയുടെ വസതിയിലെത്തിയാണ് രാഹുൽ യാദവുമായി കൂടിക്കാഴ്ച നടത്തിയത്.
സന്ദർശന വേളയിൽ പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
2019ലെ കർണാടക തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ വിവാദ പരാമർശത്തിലാണ് രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. കേസിൽ സൂറത്ത് കോടതി രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കുകയും രണ്ട് വർഷം തടവും പിഴയും വിധിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ രാഹുൽ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് കോടതി ശിക്ഷ സ്റ്റേ ചെയ്ത് നൽകിയത്.