ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ ഭൂചലനം. ശനിയാഴ്ച രാവിലെ 8.36ന് അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി. ഗുല്‍മാര്‍ഗില്‍ നിന്ന് 184 കിലോമീറ്റര്‍ അകലെ ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 129 കിലോമീറ്റര്‍ താഴെയാണ് പ്രഭവകേന്ദ്രമെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി (എന്‍സിഎസ്) അറിയിച്ചു. അതേസമയം നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഈ വര്‍ഷം ജൂണ്‍ മുതല്‍ ജമ്മു കശ്മീരില്‍ വ്യത്യസ്ത തീവ്രതകളിലുള്ള 12 ഭൂചലനങ്ങള്‍ ഇതുവരെ ഉണ്ടായിട്ടുണ്ട്. ജൂലൈ 10 ന് ഡോഡ ജില്ലയില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഡോഡ മേഖലയില്‍ ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ താഴെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അക്ഷാംശം 33.15 ഡിഗ്രി വടക്കും രേഖാംശം 75.68 ഡിഗ്രി കിഴക്കുമാണ് ഇത് സംഭവിച്ചതെന്ന് എന്‍സിഎസ് പറഞ്ഞു.
ജൂണ്‍ 13 ന് ഡോഡയിലുണ്ടായ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണിത്. അന്ന് വീടുകള്‍ ഉള്‍പ്പെടെ ഒട്ടേറെ കെട്ടിടങ്ങളില്‍ വിള്ളലുകള്‍ ഉണ്ടായി. ഗണ്ഡോ ഭലേസ ഗ്രാമത്തില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെ 30 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഉള്‍പ്പെടെ ഉത്തരേന്ത്യയുടെ മറ്റ് ചില ഭാഗങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
ജൂണ്‍ 14ന് പുലര്‍ച്ചെ 2.20ന് വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. കത്രയായിരുന്നു പ്രഭവകേന്ദ്രം.റിക്ടര്‍ സ്കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. 12 മണിക്കൂറിനിടെ ജമ്മു കശ്മീരിലുണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമായിരുന്നു അത്.