ഇംഫാലില്‍ കർഫ്യൂവിനുള്ള ഇളവ് പിൻവലിച്ചു.

0
63

ബിഷ്ണുപൂര്‍: കലാപം തുടങ്ങി 90ാം ദിവസവും മണിപ്പൂരിൽ സംഘർഷത്തിന് അയവില്ല. ബിഷ്ണുപൂരിൽ ജനക്കൂട്ടം ആയുധങ്ങൾ കൊള്ളയടിച്ചു. നരൻസേനനിലെ ഐആർ ബി രണ്ടാം ബറ്റാലിയൻ്റെ ക്യാമ്പിൽ നിന്ന് മൂന്നൂറ് തോക്കുകളാണ് സ്ത്രീകൾ അടക്കമുള്ള മെയ്തെയ് സംഘം കൊള്ളയടിച്ചത്. ഇംഫാലിൽ ആയുധങ്ങൾ കൊള്ളയടിക്കാൻ എത്തിയവർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

സേനയും ആര്‍എഎഫുമായുള്ള ഏറ്റുമുട്ടലില്‍ 17ാളം പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. കിഴക്കന്‍ ഇംഫാലിലും പശ്ചിമ ഇംഫാലിലും കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത് ജില്ലാ മജിസ്ട്രേറ്റുമാര്‍ പിന്‍വലിച്ചു. നേരത്തെ ഈ മേഖലകളില്‍ കര്‍ഫ്യൂവില്‍ ഇളവുകള്‍ അനുവദിച്ചിരുന്നു.

ക്രമസമാധാന നില സങ്കീര്‍ണമാകുന്നത് പരിഗണിച്ച് ഇന്ന് നടത്താനിരുന്ന കലാപത്തില്‍ മരിച്ച കുക്കി വിഭാഗത്തില്‍ നിന്നുള്ളവരുടെ കൂട്ട സംസ്കാരം കോടതി ഉത്തരവിനേ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. മേയ് 3 മുതൽ കൊല്ലപ്പെട്ട 35 കുക്കി വംശജരുടെ കൂട്ട ശവസംസ്‌കാരം ഇന്ന് നടത്താനിരുന്നതായിരുന്നു.  മെയ്തെയ് ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പുരിലെ  ബൊൽജാങിലെ പീസ് ഗ്രൌണ്ടിലാണ് ചടങ്ങുകൾ നടത്താനിരുന്നത്.

ബിഷ്ണുപൂര്‍ മേഖലയില്‍ രാവിലെ മുതല്‍ തന്നെ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. സായുധ സേനയുടെ നീക്കം തടയാനായി തെരുവുകളിലേക്ക് ആയിരക്കണക്കിന് പ്രാദേശികരാണ് തടിച്ചെത്തിയത്. മെയ് 3 ഓടെ രൂക്ഷമായ മെയ്തെയ് – കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ 4000ത്തോളം ആയുധങ്ങളാണ് മോഷണം പോയിട്ടുള്ളതെന്നാണ് നിലവിലെ കണക്കുകള്‍ വിശദമാക്കുന്നത്. ഇന്‍സാസ്. എകെ 47  അടക്കമുള്ളവ മോഷണം പോയ തോക്കുകളില്‍ ഉള്‍പ്പെടുമെന്നാണ് ദേശീയമാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here