തിരുവനന്തപുരം: മഴ മാറിയതോടെ സംസ്ഥാനത്ത് താപനില ഉയരുന്നു. മിക്ക ജില്ലകളിലും ശരാശരി താപനിലയിൽ വർധനവുണ്ടായി. കോട്ടയം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെല്ലാം താപനില 30 ഡിഗ്രി കടന്നു. കോട്ടയത്ത് 34 ഡിഗ്രി സെഷ്യൽസ് താപനിലയാണ് രേഖപ്പെടുത്തിയത്. 4.2 ഡിഗ്രി സെൽഷ്യസ് അധികമാണ് രേഖപ്പെടുത്തിയത്. പുനലൂർ 34 (3.1 കൂടുതൽ), ആലപ്പുഴ 33.6°C (4°c കൂടുതൽ), കോഴിക്കോട് 33 (3.4 കൂടുതൽ), കണ്ണൂർ 32.7 (3.2 കൂടുതൽ), തിരുവനന്തപുരം 32.5 (2.1 കൂടുതൽ), പാലക്കാട് 30.9 (2 കൂടുതൽ) എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്. മറ്റുജില്ലകളിലും പതിവിന് വിപരീതമായി ചൂട് കൂടി.
കഴിഞ്ഞ കുറച്ച് ദിവസമായി മഴ മാറി നിന്നതും മേഘങ്ങളുടെ കുറവുമാണ് ചൂട് കൂടാൻ കാരണം. കാലവർഷം തുടങ്ങി 63 ദിവസം പിന്നിട്ടിട്ടും സംസ്ഥാനത്ത് 11 ദിവസം മാത്രമാണ് വേണ്ട രീതിയിൽ മഴ ലഭിച്ചത്. കെഎസ്ഇബിയുടെ ഡാമുകളിൽ ജലനിരപ്പ് താഴ്ന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 30 മുതൽ 50 ശതമാനം വരെയാണ് ജലസംഭരണികളിലെ വെള്ളത്തിന്റെ കുറവ്. ഇടുക്കി ഡാമിൽ 2022 ഓഗസ്റ്റ് ഒന്നിന് 66 ശതമാനം വെള്ളമുണ്ടായിരുന്ന സ്ഥാനത്ത് ഈ വർഷം ഓഗസ്റ്റ് ഒന്നിന് 32 ശതമാനം മാത്രമാണ് ജലനിരപ്പ്. വൈദ്യുതി വകുപ്പിന്റെ 15 ഡാമുകളിലും വെള്ളം കുറവാണ്. വരുന്ന ദിവസങ്ങളിൽ മഴ ലഭിച്ചിച്ചെങ്കിൽ ആഭ്യന്തര ജലവൈദ്യുതോൽപാദനത്തെ പ്രതികൂലമായി ബാധിക്കും.
സംസ്ഥാനത്ത് കാലവർഷം പകുതി പിന്നിട്ടപ്പോൾ മഴയിൽ 35% കുറവാണുണ്ടായത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും സംസ്ഥാനത്ത് മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അങ്ങനെയെങ്കിൽ കേരളം കൃത്യമായ തയ്യാറെടുപ്പ് നടത്തേണ്ടി വരും. തുലാവർഷം കൂടി കനിഞ്ഞില്ലെങ്കിൽ കേരളം കടുത്ത ജലദൗർലഭ്യത്തിലേക്കും വൈദ്യുതി പ്രതിസന്ധിയിലേക്കും നീങ്ങും. രാജ്യമൊട്ടാകെ അഞ്ച് ശതമാനം അധികം മഴ ലഭിച്ചപ്പോഴാണ് കേരളത്തിൽ കുറഞ്ഞത്. ജൂൺ 1 മുതൽ ജൂലൈ 31 വരെ സാധാരണ ലഭിക്കേണ്ട മഴ 1301.7 മില്ലിമീറ്ററായിരിക്കെ, ഇതുവരെ ലഭിച്ചത് 852 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. അടുത്ത രണ്ടു മാസവും സാധാരണയിൽ കുറവ് മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.