ഹിൻഡൻബെർഗ് ഉയർത്തിയ വെല്ലുവിളി അതിജീവിച്ച് അദാനി എന്റർപ്രൈസസിന്റെ എഫ്പിഒ വിജയകരമായി പൂർത്തിയാക്കി. ആദ്യദിനം പ്രതികരണം മോശമായിരുന്നുവെങ്കിലും മൂന്നാമത്തെയും അവസാനത്തെയും ദിവസമായ ചൊവാഴ്ച ഓഹരികളിൽ നിക്ഷേപക താൽപര്യം പ്രകടമായി.
ചൊവാഴ്ച ഉച്ചകഴിഞ്ഞതോടെ ഓഹരികൾക്ക് പൂർണായും അപേക്ഷകരായി. 4.55 കോടി ഓഹരികളാണ് എഫ്.പി.ഒയിൽ വിറ്റഴിക്കാൻ ലക്ഷ്യമിട്ടിരുന്നത്. ആങ്കർ നിക്ഷേപകർക്കുള്ള ഭാഗം നേരത്തെതന്നെ സബ്സ്ക്രൈബ് ചെയ്തിരുന്നു.
ഓഹരി വില എഫ്പിഒ പ്രൈസ് ബാൻഡിന് താഴെയെത്തിയതിനാൽ റീട്ടെയിൽ നിക്ഷേപകരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണം ലഭിച്ചില്ല. അവർക്കായി നീക്കിവെച്ച് ഓഹരികളിൽ 11ശതമാനത്തിന് മാത്രമാണ് നിക്ഷേപകരെത്തിയത്. യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾ(ക്യുഐബി)ക്കായി നീക്കിവെച്ച 1.28 കോടി ഓഹരികൾക്ക് മികച്ച പ്രതികരണം ലഭിച്ചു. 1.61 കോടി ഓഹരികൾക്ക് അപേക്ഷ ലഭിച്ചു.
ഇഷ്യു തുടങ്ങുന്നതിന് മുമ്പേ, ആങ്കർ നിക്ഷേപകർ 6,000 കോടി രൂപ മൂല്യമുള്ള ഓഹരികൾ സബ്സ്ക്രൈബ് ചെയ്തിരുന്നു. അബുദാബിയിലെ ഐഎച്ച്സി 40 കോടി ഡോളർ കൂടി ഈ വിഭാഗത്തിൽ നിക്ഷേപിച്ചു. ഇതോടെ ഈ വിഭാഗത്തിൽ 326ശതമാനം അപേക്ഷകളെത്തി. ജീവനക്കാർക്കുള്ള വിഹിതത്തിൽ അപേക്ഷകൾ 52ശതമാനത്തിലൊതുങ്ങി.
അദാനി ഗ്രൂപ്പിന്റെ മുൻനിര കമ്പനികളിലൊന്നായ അദാനി ഗ്രീനിന്റെ വിവധ പദ്ധതികൾക്കായി പണം ചെലവഴിക്കാനും വിമാനത്താവളങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും എക്സ്പ്രസ് വേകൾ നിർമിക്കാനുമാണ് എഫ്പിഒ അവതരിപ്പിച്ചത്.