വിവാദങ്ങളും പ്രതിഷേധങ്ങളും ആളിക്കത്തുന്നതിനിടയിൽ ഒരേ വേദി പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’ നേതാവ് ശരദ് പവാറും. പൂനെയിൽ നടന്ന ലോകമാന്യ തിലക് ദേശീയ പുരസ്‌കാര വിതരണ ചടങ്ങിൽ ഇരുവരും ഹസ്തദാനം നൽകി സ്വാഗതം ചെയ്തു. ചടങ്ങിൽ പ്രധാനമന്ത്രി മോദി ലോകമാന്യ തിലക് ദേശീയ അവാർഡ് ഏറ്റുവാങ്ങി. എല്ലാ വർഷവും ലോകമാന്യ തിലകിന്റെ ചരമവാർഷികമായ ഓഗസ്റ്റ് ഒന്നിന് അദ്ദേഹത്തിന്റെ സ്മരണാർത്ഥം അവാർഡ് വിതരണം നടത്താറുണ്ട്.
മഹാരാഷ്ട്ര ഗവർണർ രമേഷ് ബൈസ്, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ, കോൺഗ്രസ് നേതാവ് സുശീൽകുമാർ ഷിൻഡെ എന്നിവരും അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു. രാഷ്ട്രത്തിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടി പ്രവർത്തിച്ചവർക്കും അവരുടെ സംഭാവനകൾക്കുമാണ് ലോകമാന്യ തിലക് ദേശീയ ദേശീയ പുരസ്‌കാരം നൽകുന്നത്.
അതേസമയം അവാർഡ് ദാന ചടങ്ങിൽ ശരദ് പവാർ പങ്കെടുത്തതിനെതിരെ ഉദ്ധവ് താക്കറെയുടെ ശിവസേന (യുബിടി) ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. എൻസിപി അധ്യക്ഷൻ ശരദ് പവാറിന്ർ ഈ പരിപാടിയിൽ നിന്ന് പിന്മാറണമെന്ന് ശിവസേന (യുബിടി) പറഞ്ഞിരുന്നു. എന്നാൽ ഇത് വകവെയ്ക്കാതെയാണ് പവാർ പരിപാടിയിൽ പങ്കെടുത്തത്.