Blast in Pakistan: പാകിസ്ഥാനിൽ സ്ഫോടനം; 39 പേർ കൊല്ലപ്പെട്ടു, 200 പേർക്ക് പരിക്ക്

0
47

ജംഇയ്യത്തുൽ ഉലമ ഇസ്‌ലാം-ഫസൽ (ജെയുഐ-എഫ്) സമ്മേളനം നടക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്.

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലുണ്ടായ വൻ സ്ഫോടനത്തിൽ 39 പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഖൈബർ പഖ്തൂൺഖ്വയിൽ ബജൗർ ജില്ലയിലെ ഖാർ തഹ്‌സിലിലാണ് സ്‌ഫോടനം നടന്നത്. ജംഇയ്യത്തുൽ ഉലമ ഇസ്‌ലാം-ഫസൽ (ജെയുഐ-എഫ്) സമ്മേളനം നടക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്.

ഖാറിലെ ജെയുഐ-എഫിന്റെ പ്രമുഖ നേതാവായ മൗലാന സിയാവുല്ല ജാനും സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതായി ബജൗർ ജില്ലാ എമർജൻസി ഓഫീസർ സാദ് ഖാൻ പാകിസ്ഥാൻ ദിനപത്രമായ ഡോണിനോട് പറഞ്ഞു.

പരിക്കേറ്റവരെ പെഷവാറിലെയും ടൈമർഗെരയിലെയും അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയാണെന്ന് അറിയിച്ചു. ആംബുലൻസുകളിൽ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുന്നത് ടെലിവിഷൻ ദൃശ്യങ്ങളിൽ കാണാമായിരുന്നു. പ്രദേശം പോലീസ് വളഞ്ഞിരിക്കുകയാണ്.

സംഭവത്തിന് ശേഷം ജിയോ ന്യൂസിൽ സംസാരിച്ച ജെയുഐ-എഫ് നേതാവ് ഹാഫിസ് ഹംദുള്ള, തന്നെ ക്ഷണിച്ചെങ്കിലും വ്യക്തിപരമായ ചില പ്രതിബദ്ധതകൾ കാരണം കൺവെൻഷനിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി. പാർട്ടി പ്രവർത്തകരിൽ 10-12 പേരുടെ മരണവാർത്തയാണ് തനിക്ക് ഇതുവരെ ലഭിച്ചതെന്നും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതാദ്യമായല്ല തന്റെ പാർട്ടിയായ ജെയുഐ-എഫിന് നേരെ ആക്രമണം ഉണ്ടാകുന്നത് എന്ന് ആരോപിച്ച അദ്ദേഹം സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. “ഇത് മുമ്പും സംഭവിച്ചിട്ടുണ്ട്, ഞങ്ങളുടെ പ്രവർത്തകരെ ലക്ഷ്യമിടുന്നു. ഇതേക്കുറിച്ച് ഞങ്ങൾ പാർലമെന്റിൽ ശബ്‌ദം ഉയർത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല” അദ്ദേഹം ജിയോ ന്യൂസിനോട് പറഞ്ഞു.

ഹംദുള്ളയ്‌ക്ക് പുറമെ, പാക്കിസ്ഥാനിലുടനീളമുള്ള മറ്റ് നിരവധി നേതാക്കളും ആക്രമണത്തെ അപലപിക്കുകയും മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ചെയ്‌തിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here