മലപ്പുറം: ജില്ലയിൽ നവീകരിച്ച മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനം ഫെബ്രുവരി 26ന് നടക്കും. അമൃത് ഭാരത് പദ്ധതിയിൽ നവീകരിച്ച വിവിധ റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുന്നത്. ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി ഓൺലൈനായി സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്യുമെന്ന് റെയിൽവേ പാലക്കാട് ഡിവിഷൻ ഓഫിസ് അറിയിച്ചു. ഓരോ സ്റ്റേഷനിലും പ്രത്യേകം ചടങ്ങുകൾ സംഘടിപ്പിച്ച് പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം തത്സമയം പ്രദർശിപ്പിക്കും.
പാലക്കാട് ഡിവിഷനു കീഴിലെ 16 സ്റ്റേഷനുകളാണ് അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നത്. പൊള്ളാച്ചി, ഒറ്റപ്പാലം, ഷൊർണൂർ, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, ഫറോക്ക്, വടകര, പയ്യന്നൂർ, മാഹി, തലശ്ശേരി, കണ്ണൂർ, കാസർകോട്, മംഗളൂരു ജംക്‌ഷൻ, നിലമ്പൂർ റോഡ്, അങ്ങാടിപ്പുറം സ്റ്റേഷനുകളാണ് അമൃത് ഭാരത് പദ്ധതിയിൽ നവീകരിക്കുന്നത്. ഇതിൽ ആദ്യഘട്ട വികസനം പൂർത്തിയാകുന്ന 9 സ്റ്റേഷനുകളുടെ ഉദ്ഘാടനമാണ് 26ന് നടക്കുന്നത്.
മലപ്പുറം ജില്ലയിൽ നവീകരണം പൂർത്തിയായ കുറ്റിപ്പുറം, അങ്ങാടിപ്പുറം, നിലമ്പൂർ സ്റ്റേഷനുകളാണ് ഉദ്ഘാടനം ചെയ്യുന്നത്. തിരൂർ, പരപ്പനങ്ങാടി സ്റ്റേഷനുകളുടെ ഉദ്ഘാടനം പിന്നീട് നടത്തും. ഇതേദിവസം ഒറ്റപ്പാലം, ഫറോക്ക്, തലശ്ശേരി, മാഹി, കണ്ണൂർ എന്നീ സ്റ്റേഷനുകളുടെ ഉദ്ഘാടനവും നടക്കും.