തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയുടെ സാന്നിധ്യത്തിൽ മുൻ എഐഎഡിഎംകെ നേതാക്കൾ ബിജെപിയിൽ ചേർന്നു. കെ വടിവേൽ, എംവി രത്നം, ആർ ചിന്നസ്വാമി, പിഎസ് കന്ദസാമി എന്നിവരുൾപ്പെടെ നിരവധി എഐഎഡിഎംകെ നേതാക്കളാണ് ബിജെപിയിൽ ചേർന്നത്. നേതാക്കൾ ഔദ്യോഗികമായി പാർട്ടിയിൽ ചേരുമ്പോൾ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും മറ്റ് മുതിർന്ന ബിജെപി നേതാക്കളും സന്നിഹിതരായിരുന്നു.
15 മുൻ എംഎൽഎമാരും മുൻ എംപിയും അടങ്ങുന്ന നേതാക്കളെ സ്വാഗതം ചെയ്ത അണ്ണാമലൈ, തങ്ങൾ ബിജെപിക്ക് ഒരുപാട് അനുഭവസമ്പത്ത് കൊണ്ടുവരുമെന്നും തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ വരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരങ്ങൾ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. വരുന്ന ലോക്‌സഭയിൽ ബിജെപി 370 സീറ്റുകൾ നേടുമെന്നും എൻഡിഎ 400 കടക്കുമെന്നും മോദി പ്രവചിച്ചതായി ചൂണ്ടിക്കാട്ടിയ ചന്ദ്രശേഖർ ഈ പുതിയ സീറ്റുകളിൽ പലതും തമിഴ്‌നാട്ടിൽ നിന്നായിരിക്കുമെന്നും അവകാശപ്പെട്ടു.